ന്യൂഡൽഹി : രാജ്യത്ത് നൂറ് ശതമാനം വൈദ്യൂതീകരണം ഉറപ്പ് വരുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി ലോകം കണ്ട ഏറ്റവും മികച്ച വിജയമെന്ന് രാജ്യാന്തര ഊർജ്ജ നിരീക്ഷണ സംഘടനയായ ഇന്റർനാഷണൽ എനർജി ഏജൻസി.
എല്ലാ വ്യക്തിയ്ക്കും വൈദ്യൂതി ലഭ്യമാക്കും വിധത്തിലുള്ള പദ്ധതി രാജ്യത്തെ പ്രധാന നാഴികകല്ലാണെന്നും പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഇഎ വ്യക്തമാക്കി.
വേൾഡ് എനർജി ഔട്ട്ലുക്കിലാണ് ഏജൻസി പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിജയത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ഗ്രാമീണ ഭാരതം വൈദ്യുതി വെളിച്ചത്താൽ ദീപ്തമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രവർത്തന മാതൃകയെന്നും ഏജൻസി ചൂണ്ടിക്കാട്ടി.
2015 ആഗസ്റ്റ് 15 ന് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു ദീനദയാൽ ഗ്രാമ ജ്യോതി യോജന പദ്ധതിയിലൂടെ ഇന്ത്യയിലെ 597,464 ഗ്രാമങ്ങളിൽ 1000 ദിവസം കൊണ്ട് വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.12 ദിവസം ബാക്കി നിൽക്കെ ഏപ്രിൽ 28 ന് മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലൈസാംഗ് ഗ്രാമത്തിൽ വൈദ്യുതി വിളക്കുകൾ പ്രകാശിച്ചതോടെ ആ പ്രഖ്യാപനം യാഥാർത്ഥ്യമായി.ഇത് ചരിത്രനേട്ടം തന്നെയാണെന്ന് ഐഇഎ വിലയിരുത്തി.ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ വികസ്വര രാജ്യങ്ങളിൽ 2000ത്തിനു ശേഷം 900 ദശലക്ഷം ആളുകൾക്കാണ് വൈദ്യുതി ലഭിച്ചിട്ടുള്ളത്.
2000ത്തിൽ മേഖലയിലെ 67 ശതമാനം സ്ഥലങ്ങളാണ് വൈദ്യുതിവത്ക്കരിക്കപ്പെട്ടതെങ്കിൽ 2017ൽ ഇത് 91 ശതമാനമായി. ഈ പുരോഗതിയുടെ 61 ശതമാനവും നടന്നിട്ടുള്ളത് ഇന്ത്യയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശ്,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ യഥാക്രമം 50,80 ശതമാനം ലക്ഷ്യം മാത്രമേ നേടാൻ മാത്രമാണ് കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉജ്ജ്വല യോജന പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് പാചകവാതകം എത്തിക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളെയും ഐഇഎ പ്രശംസിച്ചു.
