റിയാദ് : ഡ്രൈവിംഗിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതുമായും കൈ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായും ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ക്യാമറകൾ വഴി ഓട്ടോമാറ്റിക് ആയി നിരീക്ഷിച്ച് കണ്ടെത്തി ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുന്ന സംവിധാനം നഗരങ്ങൾക്ക് പുറത്തുള്ള ഹൈവേകളിൽ അടുത്ത ഞായറാഴ്ച മുതൽ നടപ്പാക്കിത്തുടങ്ങുമെന്ന് ഹൈവേ സുരക്ഷാ സേന അറിയിച്ചു. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ ഹൈവേകളിലാണ് അടുത്ത ഞായറാഴ്ച മുതൽ പുതിയ സംവിധാനം നടപ്പാക്കിത്തുടങ്ങുക. റോഡുകളിൽ ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നതിനും വാഹനാപകടങ്ങൾക്ക് തടയിടുന്നതിനുമാണിതെന്ന് ഹൈവേ സുരക്ഷാ സേന വക്താവ് പറഞ്ഞു.
