ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
ഔദ്യോഗിക ഭാഷാ ഉന്നതതലസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമിതി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി. ഫയലുകളില്‍ കുറിപ്പെഴുതുന്നതും മറ്റു സര്‍ക്കാര്‍ നടപടിക്രമങ്ങളും പൂര്‍ണമായി മലയാളത്തിലാക്കാന്‍ പ്രത്യേക ശ്രദ്ധവേണം. സര്‍ക്കാര്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍ കൂടി ലഭ്യമാക്കണമെന്ന തീരുമാനം സമയബന്ധിതമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണം വിദ്യാഭ്യാസ വകുപ്പ് ഉണ്ടാക്കണം.
പി.എസ്.സി. പരീക്ഷയിലെ ചോദ്യപേപ്പര്‍ മലയാളത്തില്‍ കൂടി നല്‍കുന്നതിന് പി.എസ്.സി. നടപടി സ്വീകരിച്ചുവരികയാണ്. മലയാളഭാഷാ നിയമത്തിന് കേന്ദ്ര അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യോഗത്തില്‍ ചീഫ് സെക്രട്ടറി ടോംജോസ്, സുഗതകുമാരി, ബിജിമോള്‍ എം.എല്‍.എ, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വി.എന്‍. മുരളി, ഡോ. ഷര്‍മിള മേരി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
