കീടനാശിനി തളിക്കുമ്പോള്‍ കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം: രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും, കൃഷി മന്ത്രിക്കും കത്ത് നല്‍കി.
മരണമടഞ്ഞ സുനില്‍കുമാറിന്റെ കുടുംബത്തിന് ഗാന്ധിഗ്രാം പദ്ധതിയില്‍ നിന്ന് 4 ലക്ഷം രൂപ
തിരുവനന്തപുരം: അപ്പര്‍ കുട്ടനാട്ടില്‍ നെല്ലിന് കീടനാശിനി തളിച്ചതിനെ തുടര്‍ന്ന് രണ്ട് കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണവും, ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരവുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനും, കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിനും കത്തയച്ചു.
അപ്പര്‍കുട്ടനാട്ടിലെ വേങ്ങര ഇരുകര പാടശേഖരത്തില്‍ കീടനാശിനി തളിക്കവേ മരിച്ച മരിച്ച കര്‍ഷക തൊഴിലാളികളായ സനല്‍കുമാറിന്റെയും, മത്തായി ഈശോയുടെയും കുടംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് ഇന്ന് (21-01-19) സന്ദര്‍ശിക്കുകയുണ്ടായി. ഇതില്‍ സ്വന്തമായി വീടില്ലാത്ത സനല്‍കുമാറിന്റെ കുടുംബത്തിന് കെ.പി.സി.സി പ്രസിഡന്റായിരിക്കെ താന്‍ ആരംഭിച്ച ഗാന്ധിഗ്രാം ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപ സഹായമായി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സനല്‍കുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൃഷിവകുപ്പിന്റെ തികഞ്ഞ അനാസ്ഥമൂലമാണ് കീടനാശിനി പ്രയോഗത്തിനിടിയില്‍ രണ്ട് കര്‍ഷക തൊഴിലാളികള്‍ മരിക്കാനിടയായതെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും കൃഷി വകുപ്പ് മന്ത്രിക്കും നല്‍കിയ കത്തുകളില്‍ ചൂണ്ടിക്കാട്ടുന്നു. അപ്പര്‍കുട്ടനാട്ടിലെ പല പഞ്ചായത്തുകളിലും കീടനാശിനി പ്രയോഗത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് ഉപദേശം നല്‍കുന്നതിന് മതിയായ കൃഷി ഓഫീസര്‍മാരോ ജീവനക്കാരോ ഇല്ല. ഈ പ്രദേശങ്ങളില്‍ കര്‍ഷകര്‍ വര്‍ധിത തോതില്‍ നിരോധിക്കപ്പെട്ട കീടനാശിനകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ മിക്കവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇവയുടെ വില്‍പ്പന തടയുന്നതില്‍ സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും ഭാഗത്ത് നിന്നുണ്ടായ കൊടിയ അനാസ്ഥയാണ് രണ്ട് കര്‍ഷക തൊഴിലാളികളുടെ ജീവനെടുക്കാന്‍ കാരണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. എത്രയളവില്‍ കീടനാശിന ഉപയോഗിക്കണമെന്ന് കര്‍ഷകര്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കേണ്ട ചുമതല അതത് പ്രദേശത്തെ കൃഷി ഓഫീസര്‍മാര്‍ക്കും, കൃഷി ഓഫീസുകള്‍ക്കുമാണ്. ക്വിനാല്‍ഫോസ് ഓര്‍ഗനോഫോസ്ഫറസ് എന്ന ഇനം കീടനാശിനിയാണ് ഇവിടെ രണ്ടുപേരുടെ മരണത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. മനുഷ്യ ഞരമ്പുകളെ തളര്‍ത്തി ശ്വാസം മുട്ടലിലേക്കും തളര്‍ച്ചയിലേക്കും പിന്നീട് മരണത്തിലേക്കും നയിക്കും. മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാത്രമെ ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കാവൂ. പക്ഷേ അതൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഇതിനായി മാര്‍ഗ നിര്‍ദേശം നല്‍കേണ്ട കൃഷി വകുപ്പ് ഉദ്യേഗസ്ഥര്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. നിരോധിക്കപ്പെട്ടവയും അനധികൃതവുമായ കീടനാശിനികള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നത് സര്‍ക്കാര്‍ കര്‍ശനമായി തടയണം. അതോടൊപ്പം അപ്പര്‍ കുട്ടനാട് ഉള്‍പ്പെടയുള്ള പ്രദേശങ്ങളിലെ കൃഷി ഓഫീസുകള്‍ മതിയായ കൃഷി ഓഫീസര്‍മാരുടെ നിയമിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
