2019 ഫെബ്രുവരി 9
1194 മകരം 26
ശനി (ഉത്രട്ടാതി നാൾ)
പ്രഭാത വാർത്തകൾ
👁🗨റാഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെട്ടെന്ന വെളിപ്പെടുത്തലിനെ പ്രതിരോധിക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ സെക്രട്ടറിക്ക് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നല്‍കിയ മറുപടിയാണു പുറത്തിറക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനാണ് പരീക്കര്‍ അന്നു നല്‍കിയ മറുപടി.
👁🗨പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയതിനെ വിമര്‍ശിച്ച് പ്രതിരോധ മന്ത്രി പരീക്കറിനു കത്തെഴുതിയ അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍കുമാറും രംഗത്ത്. റാഫാല്‍ ആരോപണങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണാണ്. സത്യസന്ധമായ ഇടപാടാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെതിരേ കുറിപ്പെഴുതിയതില്‍ അസ്വഭാവികത ഇല്ലെന്നും മോഹന്‍കുമാര്‍. തന്റെ കുറിപ്പ് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.
👁🗨ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്ക്. സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് എത്തിയ കണ്ണൂര്‍ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി മുരുകന്‍ എന്നിവരാണു മരിച്ചത്. ഉല്‍സവത്തിനും ഗൃഹപ്രവേശനത്തിനുമായി എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന പടക്കം പൊട്ടിച്ചതോടെ ഇടഞ്ഞതാണു കാരണം.
👁🗨സിബിഐ താത്കാലിക ഡയറക്ടറായിരുന്ന എം. നാഗേശ്വര റാവുവിന്റെ ഭാര്യവീട്ടുകാരുടെ രണ്ടു കമ്പനികളില്‍ കൊല്‍ക്കത്ത പോലീസിന്റെ റെയ്ഡ്. ഏയ്ഞ്ചല മര്‍ക്കന്‍ഡൈല്‍സിലാണു റെയ്ഡ്. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പു കേസില്‍ ആദ്യം അന്വേഷണം നടത്തിയ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ്കുമാറിനെ ഇന്നു സിബിഐ ചോദ്യം ചെയ്യാനിരിക്കേയാണ് പോലീസിന്റെ റെയ്ഡ്. ഇതേസമയം, കമ്പനിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് നാഗേശ്വര റാവു പ്രസ്താവയിറക്കി.
👁🗨നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനുനേരെയുണ്ടായ വെടിവയ്പു കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല.
👁🗨വ്യവസായിയായ ടി.സി. മാത്യുവിന് സോളാര്‍ പാനലുകളുടേയും കാറ്റാടി യന്ത്രങ്ങളുടേയും വിതരണാവകാശം വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ വിധി ബുധനാഴ്ച. അന്തിമ വാദം പൂര്‍ത്തിയായി. സരിതാ നായരും ബിജു രാധാകൃഷ്ണനുമാണ് പ്രതികള്‍. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണു കേസ്.
👁🗨തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റു സ്ഥാനം രാജിവക്കില്ലെന്നും കാലാവധി പൂര്‍ത്തിയാകുന്ന നവംബര്‍വരേയും തുടരുമെന്നും എ. പത്മകുമാര്‍. പ്രശ്‌നങ്ങളുണ്ടാക്കി ബോര്‍ഡിലെ ഐക്യം തകര്‍ക്കാമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
👁🗨ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്താതെ ബിജെപി സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് ശശി തരൂര്‍ എംപി. ലോക്‌സഭയില്‍ മറുപടി തരാതെ കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറി. ബിജെപി രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
👁🗨കോഴിക്കോട് മടവൂരില്‍ മൂന്നു കിലോ കഞ്ചാവുമായി ആസാം സ്വദേശി അബ്ദുള്‍ എന്നയാള്‍ പിടിയിലായി.
👁🗨തെന്മല വനം ഡിവിഷനിലെ പാലരുവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കു പ്രവേശനം നിരോധിച്ചു. കാട്ടുതീക്കു സാധ്യതയുള്ളതിനാലാണ് നിരോധനം.
👁🗨കള്ളന്മാര്‍ക്കുവേണ്ടി ധര്‍ണ നടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണു മമത ബാനര്‍ജിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ചവര്‍ക്കുവേണ്ടിയാണ് മമത സത്യഗ്രഹമിരുന്നത്. ബംഗാളിലെ നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുന്ന മമത രാജ്യസ്‌നേഹികളായ ബിജെപിക്കാരെ തടയുകയാണെന്നും ആരോപിച്ചു. ബംഗാളിലെ ജല്‍പയ്ഗുരിയില്‍ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മോദി.
👁🗨വോട്ടെടുപ്പു വരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 'ചായാവാല', ജയിച്ചാല്‍ 'റാഫാല്‍ വാല'യാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഗോധ്രയും കലാപങ്ങളും കടന്നാണ് മോദി പ്രധാനമന്ത്രിയായത്. റാഫാലിന്റേയും നോട്ട് നിരോധനത്തിന്റേയും അഴിമതിയുടേയും ആശാനാണ് മോദിയെന്നും മമത.
👁🗨ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഝാന്‍സി റാണിയല്ല, ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബംഗാളിനെ നശിപ്പിക്കുന്ന പൂതനയാണെന്നും കേന്ദ്രമന്ത്രി.
👁🗨ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഏഴു പേര്‍ക്കു ജീവപര്യന്തം തടവുശിക്ഷ. കാവല്‍ഗ്രാമത്തിലെ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കള്ളക്കേസാണെന്നു പ്രതികളുടെ ബന്ധുക്കള്‍. 2013 ലെ കലാപത്തില്‍ അറുപതു പേരാണു കൊല്ലപ്പെട്ടത്. അമ്പതിനായിരത്തോളം പേര്‍ പലായനം ചെയ്തിരുന്നു.
👁🗨ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സഞ്ചരിച്ച കാറിനുനേരെ ആക്രമണം. നരേലയില്‍ നൂറോളം പേരാണ് വടികളും കല്ലുകളുമായി ആക്രമിച്ചത്. ആക്രമണത്തിനു പിറകില്‍ ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടി.
👁🗨രാജസ്ഥാനില്‍ പന്നിപ്പനിമൂലം രണ്ടു ദിവസത്തിനകം ഒമ്പതു പേര്‍ മരിച്ചു. രോഗലക്ഷണങ്ങളുമായി ഇന്നലെ ചികില്‍സ തേടിയത് നൂറോളം പേര്‍.
👁🗨രാജസ്ഥാനില്‍ ട്രെയിന്‍ തടയല്‍ സമരം. നാലു ട്രെയിനുകള്‍ റദ്ദാക്കി. ഏഴു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ചു ശതമാനം സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജ്ജര്‍ സമുദായാംഗങ്ങളാണ ട്രെയിന്‍ തടഞ്ഞത്.
👁🗨തെക്കന്‍ കാഷ്മീരിലെ കുല്‍ഗാമില്‍ ഹിമപാതത്തില്‍ അകപ്പെട്ട അഞ്ചു പോലീസുകാര്‍ അടക്കം ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തു. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഒരാള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. ജവഹര്‍ ടണലിനു സമീപമായിരുന്നു അപകടം.
👁🗨ബിഹാറിലെ കിഷന്‍ഗഞ്ചില്‍ പത്തൊമ്പതുകാരിയെ അച്ഛനു മുന്നില്‍വച്ച് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ നാലു പേരെ അറസ്റ്റു ചെയ്തു. രണ്ടുപേരെകൂടി പിടികൂടാനുണ്ട്.
👁🗨ബ്രസീലിലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടിത്തം. പത്തു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പൊള്ളലേറ്റു. 17 വയസിനു താഴെയുള്ളവരാണു മരിച്ചത്.
👁🗨സന്തോഷ് ട്രോഫിയില്‍ കേരളത്തിനു സന്തോഷമില്ല. നിലവിലെ ചാമ്പ്യന്മാരായ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിനു സര്‍വീസസ് പരാജയപ്പെടുത്തി. യോഗ്യതാ റൗണ്ടില്‍ ഒരു ഗോള്‍പോലും നേടാനാകാതെയാണ് കേരളം പ്രാഥമിക റൗണ്ടില്‍നിന്നു പുറത്തായത്.
👁🗨ട്വന്റി 20 രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന് ന്യൂസിലാന്‍ഡിനെ തോല്‍പിച്ചു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓരോ വിജയവുമായി സമനിലയില്‍. അവസാന മല്‍സരം നാളെ. ഏഴു പന്തുകള്‍ ബാക്കിനില്‍ക്കേ മുന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 159 റണ്‍സ് വിജയലക്ഷ്യം മറികടന്നത്.
👁🗨ഐഎസ്എലില്‍ ജംഷഡ്പൂര്‍ എഫ്‌സി ക്കു പ്ലേഓഫ് സാധ്യത. മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി.
👁🗨ഊബര്‍ മാതൃകയില്‍ ടാക്‌സി സേവനവുമായി സംസ്ഥാന സഹകരണ വകുപ്പ്. സഹകരണ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സംരംഭം തുടങ്ങാനാണ് വകുപ്പിന്റെ നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളത്ത് ടാക്‌സി സേവനം ആരംഭിക്കും. പദ്ധതി വിജയകരമാണെങ്കില്‍ മറ്റ് സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
👁🗨ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുളള അവസാന തീയതി മാര്‍ച്ച് 31ന് അവസാനിക്കും. ഇതുവരെ ആധാര്‍ ബന്ധിതമായത് 23 കോടി പാന്‍ കാര്‍ഡുകള്‍ മാത്രം. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ സമയപരിധി തീരുന്നതോടെ റദ്ദാക്കാനാണ് നികുതി വകുപ്പ് ആലോചിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലേറെ പാന്‍ കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാനും ഈ നടപടി ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
👁🗨രാജ്യത്തെ അര്‍ബര്‍ സഹകരണ ബാങ്കുകളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ഉദ്ദേശിച്ച് റിസര്‍വ് ബാങ്ക്. ഇതിനായി അംബ്രല്ല ഓര്‍ഗനൈസേഷന്‍ രൂപീകരിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. രാജ്യത്തെ പ്രാഥമിക സഹകരണ ബാങ്കുകളെയും അര്‍ബര്‍ ബാങ്കുകളെയും സാമ്പത്തികമായി കരുത്തുറ്റവയാക്കാന്‍ ലക്ഷ്യമിട്ടുളളതാണ് പദ്ധതി.
👁🗨സോനം കപൂര്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ 'ഏക് ലഡ്കി കൊ ദേഖ തോ ഐസ ലഗാ' എന്ന ചിത്രത്തിന്റെ തിരക്കഥ ഓസ്‌കര്‍ ലൈബ്രറിയുടെ ഭാഗമാകുന്നു. സ്വവര്‍ഗപ്രണയത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജ്കുമാര്‍ റാവു, ജൂഹി ചൌള തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
👁🗨മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപണം. ഇതിന് പിന്നില്‍ ഹിഡന്‍ അജന്‍ഡ ഉണ്ടെന്ന് ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് ജന്‍ഗ ഗൗതം പറഞ്ഞു. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യുന്നതിനുളള ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് നടന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.
👁🗨വാഹന പ്രേമികള്‍ക്ക് കിടിലന്‍ എക്സ്ചേഞ്ച് ഓഫറുമായ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. കമ്പനിയുടെ നിര്‍ദേശ പ്രകാരം ഉപഭോക്താക്കളുടെ പക്കലുള്ള പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാവുന്നതാണ്. ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ചെയ്യുന്ന സ്‌കൂട്ടറിന് നിലവിലുള്ള വിപണി വിലയേക്കാള്‍ 6,000 രൂപ കമ്പനി കൂടുതല്‍ നല്‍കുകയും ചെയ്യും.
മനുഷ്യന്റെ ചെറുത്തുനില്പിന്റെ മറുപേരാണ് വിയറ്റ്‌നാം. പച്ചപ്പിന്റെ വയലുകളിലും ഇടതൂര്‍ന്ന കാടുകളിലും ചളി നിറഞ്ഞ ചതുപ്പുകളിലു ചവിട്ടി നിന്ന് ഒരു കൊച്ചുരാജ്യം. 'ഹോ ചി മിന്റെ നാട്ടില്‍'. ടിജെഎസ് ജോര്‍ജ്. മാതൃഭൂമി ബുക്‌സ്. വില 175 രൂപ.
കേരളത്തില്‍ 18 വയസിന് മുകളിലുള്ള യുവാക്കളില്‍ മൂന്നിലൊരാള്‍ക്ക് അമിത രക്തസമ്മര്‍ദമാണെന്ന പഠനഫലം പുറത്ത്. അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ട്. തിരുവനന്തപുരത്തെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. 12,000 യുവാക്കളില്‍ പഠനം നടത്തിയാണ് ഈ കണ്ടെത്തല്‍ ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ വ്യായാമം, ഭക്ഷണനിയന്ത്രണം, കൃത്യമായ മരുന്നുപയോഗം എന്നിവയോട് മലയാളിക്ക് അലസതയാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. രോഗം കണ്ടെത്തിയാലും അത് നിയന്ത്രിക്കുന്ന കാര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ ഏറെ പിന്നിലാണ്. 13 ശതമാനം പേര്‍ മാത്രമാണ് അമിതരക്തസമ്മര്‍ദം എന്ന വില്ലനെ നിയന്ത്രണത്തിലാക്കുന്നത്.
ജീവിതപാഠം
കവിത കണ്ണൻ
അന്നും ഒരു സാധാരണ ദിവസം ആയിരുന്നു. തന്റെ കൊച്ചുമകള്‍ പാഠഭാഗങ്ങള്‍ വായിക്കുന്നത് ശ്രദ്ധിച്ചിരിക്കുകയായിരുന്നു അദ്ദേഹം. കുട്ടി വായിക്കുന്ന വരികള്‍ വളരെ പരിചിതമായി അദ്ദേഹത്തിന് തോന്നി. പെട്ടെന്ന് തന്നെ അദ്ദേഹം അത് മനസ്സിലാക്കി , ഈ വരികള്‍ തന്റേത് തന്നെയാണെന്ന്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലാ ട്രഷറിയില്‍ ആയിരുന്നു അദ്ദേഹത്തിന് ജോലി. ഭാഷാസ്‌നേഹിയായ അദ്ദേഹം രാജ്യത്തിന്റെ ദേശീയതയ്ക്ക് വേണ്ടി കുറിച്ചിട്ട വരികള്‍ സുഹൃത്തായ തെന്നതി വിശ്വനാഥനെ കാണിച്ചു. അദ്ദേഹം ഈ വരികള്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.വി.ജി. രാജുവിന് കൈമാറി. മന്ത്രിയാകട്ടെ ഈ വരികള്‍ ജില്ലയിലെ സ്‌കൂളില്‍ കുട്ടികള്‍ ചൊല്ലണമെന്ന് ഉത്തരവിറക്കി. ക്രമേണ അത് രാജ്യം മുഴുവന്‍ പരന്നു. എന്നാല്‍ ഈ കഥയൊന്നും എഴുത്തുകാരന്‍ അറിഞ്ഞതേയില്ല. ഏറെക്കാലത്തിന് ശേഷം തന്റെ കൊച്ചുമകള്‍ ചൊല്ലിപഠിക്കുമ്പോഴാണ് തന്റെ വരികള്‍ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായി മാറിയെന്ന് പൈദിമാരി വെങ്കിട്ട സുബ്ബറാവു അറിയുന്നത്.
നിസ്സാരമെന്ന് നമ്മള്‍ കരുതുന്നതാകാം ചിലപ്പോള്‍ ശ്രേഷ്ഠമാകുന്നത്. മഹത്തായ ഒന്നിന് വേണ്ടി കാത്തിരിക്കരുത്. കാരണം, ചിലതെല്ലാം പിന്നീടായിരിക്കും മഹത്തരങ്ങളായി മാറുക - ശുഭദിനം
