Peruvayal News

Peruvayal News

സർവകലാശാല സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക്

സർവകലാശാല സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക്

കേരളത്തിലെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. 

എലിജിബിലിറ്റി, ഇക്വലൻസി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കോളേജ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടർ, അറിയിപ്പുകൾ, പ്രധാന തിയതികൾ, ഉത്തരവുകൾ, സർക്കുലറുകൾ എന്നിവയെല്ലാം ഓൺലൈനിൽ ലഭ്യമാകും. വിദ്യാർത്ഥികൾ കോളേജിൽ പഠനാവശ്യത്തിന് മാത്രം വരുന്ന സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഫീസുകൾ ഓൺലൈനിൽ അടയ്ക്കാൻ ഇപ്പോൾ തന്നെ സംവിധാനമുണ്ട്. സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ഒപ്പോടെയാണ് നൽകുക. എം. ജി സർവകലാശാല വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷ നൽകി അര മണിക്കൂറിനകം സേവനം ലഭിക്കുന്ന സാഹചര്യമാണ്് ഒരുങ്ങുന്നത്. 

സേവനങ്ങൾ ഓൺലൈനിലേക്ക് പൂർണമായി മാറുന്നതിന് മുന്നോടിയായി സർവകലാശാലകളിലെ കമ്പ്യൂട്ടർ വിഭാഗം മേധാവികൾക്ക് ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഓൺലൈൻ ചോദ്യപേപ്പറും ഓൺലൈൻ ചോദ്യബാങ്കും തയ്യാറാക്കും. എം. ജി. സർവകലാശാല ഈ സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. കണ്ണൂരിൽ ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പരീക്ഷയ്ക്ക് അര മണിക്കൂർ മുമ്പ് ഓൺലൈനിൽ നിന്ന് ചോദ്യപേപ്പർ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രിൻസിപ്പലിന് ലഭിക്കുന്ന ഒ. ടി. പി ഉപയോഗിച്ചാണ് ചോദ്യപേപ്പർ എടുക്കുന്നത്. സിസിടിവി ക്യാമറ ഉപയോഗിച്ച് കോളേജിലെ പ്രവർത്തനങ്ങൾ വീക്ഷിക്കാനും സംവിധാനമുണ്ടാകും. ഓൺലൈൻ ചോദ്യപേപ്പർ സംവിധാനം നിലവിൽ വരുന്നതോടെ ചോദ്യപേപ്പർ മാറുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ ഒഴിവാകും.  കോളേജുകളിൽ സ്മാർട്ട് ക്ളാസ്റൂമുകളും ലൈബ്രറിയും തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളെയും സർവകലാശാലകളെയും ബന്ധിപ്പിച്ച്  വീഡിയോ കോൺഫറൻസിനുള്ള സൗകര്യവും എല്ലായിടത്തുമുണ്ടാവും. സുറ്റഡന്റ് ഗ്രിവൻസ് സെല്ലുകളും ഓൺലൈനാകും.

പി.എൻ.എക്സ്. 502/19



ആരോഗ്യമേഖലയിലെ പുരോഗതി മുന്നോട്ടുകൊണ്ടുപോകാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനാകും -മുഖ്യമന്ത്രി പിണറായി വിജയൻ

* 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി' ഉദ്ഘാടനം ചെയ്തു


ആരോഗ്യമേഖലയിലെ പുരോഗതി ഇനിയും മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാനത്തിന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകളിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യരംഗത്തെ ഗവേഷണോൻമുഖമായ മുന്നോട്ടുപോക്കിന്റെ പ്രതീകമായി ഈ സ്ഥാപനം മാറുമെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തിൽ തിരുവനന്തപുരം തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കുന്ന 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി'യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടിൽ ഇല്ലാതായ രോഗങ്ങൾ തിരിച്ചുവരികയും ചിലഘട്ടങ്ങളിൽ പകർച്ചവ്യാധികൾ കടന്നാക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരമൊരു സ്ഥാപനം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് ഇതുസംബന്ധിച്ച നിർദേശം വന്നപ്പോൾ അംഗീകരിച്ചത്. വൈറോളജി രംഗത്തെ രോഗനിർണയത്തിനും ഗവേഷണത്തിനും സംസ്ഥാനത്തിന് മാത്രമല്ല, അഖിലേന്ത്യാതലത്തിൽ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഗുണകരമാകും. ഗ്ളോബൽ വൈറസ് നെറ്റ്വർക്കുമായുള്ള ബന്ധവും സ്ഥാപനത്തിന് ഗുണകരമാണ്.

പശ്ചാത്തലവികസനത്തിന് നാം ഏറെ പ്രാധാന്യമാണ് കൊടുക്കുന്നത്. അതോടൊപ്പം തന്നെ ചില പകർച്ചവ്യാധികൾ നമ്മെ ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്തിടെ നിപാ രോഗം വന്നതും അതു കൈകാര്യം ചെയ്ത രീതിയും ലോകശ്രദ്ധ നേടിയതാണ്. നമ്മുടെ രാജ്യത്തും അന്താരാഷ്ട്രതലത്തിലും ബന്ധപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാണ് കാര്യങ്ങൾ നീക്കുന്നത്. നല്ല സഹകരണമാണ് ഇക്കാര്യത്തിൽ ലഭിക്കുന്നതും സ്ഥാപനത്തിന്റെ പ്രസക്തിയും ആധികാരികതയും വർധിപ്പിക്കുന്നുണ്ട്.

ആരോഗ്യമേഖലയിലെ വികസനം ഏറ്റവും പ്രധാനമായാണ് സർക്കാർ കാണുന്നത്. ഇത്തരം സ്ഥാപനം വരുന്നത് ആരോഗ്യരംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കും. ഇതിൽനിന്നുണ്ടാകുന്ന തൊഴിലിനപ്പുറം സാമൂഹ്യമായ പ്രസക്തി വളരെ വിലപ്പെട്ടതാണ്. അതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. ഇത്തരം സ്ഥാപനങ്ങൾ ശാസ്ത്രരംഗത്ത് നമ്മൂടെ നാട്ടിൽ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങൾ വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നില എല്ലാ ഭാഗത്തുനിന്നുമുണ്ടാകണം. നമ്മുടെ നാട്ടിന്റെ ഉയർച്ച കണക്കിലെടുത്താണ് മലയാളികളായ ഡോ. എം.വി. പിള്ളയും ഡോ. ശാരങധരനും ഈ ആശയം മുന്നോട്ടുവെച്ചത്. അതുൾക്കൊണ്ടാണ് സർക്കാർ തുടർനടപടികളുമായി മുന്നോട്ടുപോയത്. സ്ഥാപനം കൂടുതൽ വിപുലപ്പെടുത്തുന്നതിനും അവരുടെ സേവനം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്തെ പുരോഗതിക്കും നാടിന്റെ പൊതുവേയുള്ള വളർച്ചയ്ക്കും പകർച്ചവ്യാധികൾ പോലുള്ള പ്രശ്നങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതു പരിഹരിക്കാനാവുംവിധം ഗൗരവമായ ഇടപെടലിന്റെ ഭാഗമായാണ് ഈ സ്ഥാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. ലോകോത്തര ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തിനാകെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, ഡോ. എ. സമ്പത്ത് എം.പി, യു.എസ്.എ തോമസ് ജെഫർസൺ യൂണിവേഴ്സിറ്റിയിലെ ഡോ. എം.വി പിള്ള, ഗ്ളോബൽ വൈറസ് നെറ്റ്വർക്ക് പ്രസിഡൻറ് ഡോ. ക്രിസ്റ്റിയൻ ബ്രെഷോ, ഡബ്ളിൻ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഡോ. വില്യം ഹാൾ, ബാൾട്ടിമോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി ഡയക്ടർ ഡോ. ശ്യാംസുന്ദർ കൊട്ടിലിൽ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ചടങ്ങിനെത്താൻ കഴിയാതിരുന്ന 

ബാൾട്ടിമോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയിലെ ഡോ. റോബർട്ട് ഗാലോ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു.

കെ.എസ്.ഐ.ഡി.സി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ. സുരേഷ് ദാസ്, പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബാ ബീഗം, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സുമ, ജില്ലാ പഞ്ചായത്തംഗം ബി.ലളിതാംബിക തുടങ്ങിയവർ സംബന്ധിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലക് റിപ്പോർട്ട് അവതരിപ്പിച്ചു.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.എസ്. പ്രദീപ്കുമാർ സ്വാഗതവും അഡൈ്വസർ പ്രൊഫ. ജി.എം. നായർ നന്ദിയും പറഞ്ഞു. 

ഉദ്ഘാടനചടങ്ങിനെത്തുടർന്ന് ചടങ്ങിനെത്തിയ അന്താരാഷ്ട്ര വിദഗ്ധരും ശാസ്ത്രജ്ഞരും പങ്കെടുത്ത ഇൻറർനാഷണൽ വൈറോളജി ഡിസ്‌കഷൻ മീറ്റും സംഘടിപ്പിച്ചു.

80,000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള നൂതന സൗകര്യങ്ങളുള്ള ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരമാണ് നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ 25,000 ചതുരശ്രഅടിയിൽ ഒരുങ്ങുന്ന പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിനുള്ള 25,000 ചതുരശ്ര അടി കെട്ടിടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് നിർമ്മിച്ചത്. അതിവിശാലമായ, അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള 80,000 ചതുരശ്ര അടി പ്രധാന സമുച്ചയത്തിന്റെ നിർമാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എൽ.എൽ.എൽ ലൈറ്റ്സിനാണ് നൽകിയിരിക്കുന്നത്. ഈ സമുച്ചയം ആഗസ്റ്റോടെ പൂർത്തിയാകും. 

ആദ്യഘട്ടത്തിൽ പൂർത്തിയായ 25,000 ചതുരശ്രഅടി മന്ദിരത്തിന്റെ പ്രവർത്തനം ഈ മാസം തന്നെ പൂർണതോതിലാകും.

അന്താരാഷ്ട്രതലത്തിൽ 'ഗ്ളോബൽ വൈറസ് നെറ്റ്വർക്കി'ന്റെ ഭാഗമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ടിന് ശാസ്ത്ര ഗവേഷണരംഗത്തെ നൂതന പരിഷ്‌കാരങ്ങളും വിവരങ്ങളും ഗവേഷണഫലങ്ങളും ലഭ്യമാകും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ഇൻസ്റ്റിറ്റ്യൂട്ട് 'ഗ്ളോബൽ വൈറസ് നെറ്റ്വർക്കി'ന്റെ ഭാഗമാകുന്നത്.

പി.എൻ.എക്സ്. 503/19



വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് എല്ലാ മേഖലയിൽ നിന്നും ലഭിച്ചത് പിന്തുണ -മുഖ്യമന്ത്രി

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശയവും നിർദേശവും ഉയർന്നുവന്നപ്പോൾ എല്ലാ മേഖലകളിൽ നിന്നും അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന അനുഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി'യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥൻമാരുടെ തടസ്സം കൊണ്ട് പദ്ധതി വഴിയിലാകില്ല. അങ്ങനെ വന്നാൽ അത് മറികടക്കാനാണ് സർക്കാരും മന്ത്രിസഭയുമുള്ളത്. 2017 ൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശയം വന്നപ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് യാതൊരു തടസ്സവാദങ്ങളുമുണ്ടായില്ല. എല്ലാവരും അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതി പൂർത്തിയാക്കുന്നതിന് ഏറ്റവും നല്ലത് ശാസ്ത്ര സാങ്കേതിക ഗവേഷണ കൗൺസിൽ ആണെന്ന് മനസിലാക്കി അവർക്കാണ് ചുമതല നൽകിയത്. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണമെന്ന നിർദേശവും അവർ കൃത്യമായും വേഗത്തിലും നടപ്പാക്കിയാണ് ആദ്യംഘട്ടം യാഥാർഥ്യമാക്കിയത്. മനസുവെച്ചാൽ ഏതു പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇതിലൂടെ മനസിലാക്കാവുന്നത്. നല്ലൊരു പ്രവർത്തന സംസ്‌കാരം നമ്മുടെ നാട്ടിൽ വളർന്നുവരുന്നതിന്റെ സൂചന കൂടിയാണിത്. സർക്കാരിന്റെ പ്രതീക്ഷയും വിശ്വാസവും ഒരുതരത്തിലും ഇക്കാര്യത്തിൽ തെറ്റിപ്പോയിട്ടില്ല. ഇനിയുള്ള ഘട്ടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പി.എൻ.എക്സ്. 504/19



രോഗനിർണയത്തിലും ഗവേഷണത്തിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് മികവ് തെളിയിക്കാനാകുമെന്ന് അന്താരാഷ്ട്ര വിദഗ്ധർ

തിരുവനന്തപുരം ബയോ ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കുന്ന 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി'ക്ക് രോഗനിർണയത്തിലും ഗവേഷണത്തിലും അന്താരാഷ്ട്രതലത്തിൽ വരുംകാലങ്ങളിൽ മികവുതെളിയിക്കാനാവുമെന്ന് അന്താരാഷ്ട്ര വൈറോളജി വിദഗ്ധർ. 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി'യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിനെത്തിയവരാണ് ഈ പ്രമുഖർ.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 'ഗ്ളോബൽ വൈറസ് നെറ്റ്വർക്കി'ന്റെ ഭാഗമായി പ്രവർത്തിക്കാനാകുന്നത് ലോകോത്തര ഗവേഷണഫലങ്ങളും ശാസ്ത്രരംഗത്തെ പുതുചലനങ്ങളുമായി കൃത്യമായ ബന്ധം ലഭിക്കാൻ സഹായമാകുമെന്ന് ഗ്ളോബൽ വൈറസ് നെറ്റ്വർക്ക് പ്രസിഡൻറ് ഡോ. ക്രിസ്റ്റിയൻ ബ്രെഷോ അഭിപ്രായപ്പെട്ടു. നിലവിൽ 44 സെൻററുകളാണ് നെറ്റ്വർക്കിനുള്ളത്. ഇതിന്റെ ഭാഗമാകുകയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടും. ഇന്ത്യൻ കാലാവസ്ഥയിലെ വൈറൽ രോഗങ്ങളും ആക്രമണം സംബന്ധിച്ച് കൃത്യമായ രോഗനിർണയത്തിനും പ്രതിരോധത്തിനും കൂടുതൽ ഗവേഷണങ്ങൾക്കും ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ഘട്ടങ്ങളിൽ വളരുമ്പോൾ വൈറൽ രോഗങ്ങൾ പടർന്നുപിടിക്കുന്നത് തടയാനാകുംവിധം പ്രതിരോധത്തിനും പുതുഗവേഷകരെ വളർത്തിയെടുക്കാനും ഇൻസ്റ്റിറ്റ്യൂട്ട് സഹായമാകുമെന്ന് ഡബ്ളിൻ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഡോ. വില്യം ഹാൾ അഭിപായപ്പെട്ടു. 

പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ട് രോഗനിർണയത്തിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് രോഗനിർണയത്തിനും ഗവേണത്തിനും പ്രാമുഖ്യം നൽകുന്നതായി തോമസ് ജെഫർസൺ യൂണിവേഴ്സിറ്റിയിലെ ഡോ. എം.വി പിള്ള പറഞ്ഞു. സ്ഥാപനത്തിന്റെ ആശയം നൽകിയ പ്രമുഖരിൽ ഒരാളാണ് അദ്ദേഹം. 

വിവിധഘട്ടങ്ങളായി വർച്ച നേടുമ്പോൾ രോഗനിർണയം, ഗവേഷണം, അക്കാദമിക കോഴ്സുകൾ തുടങ്ങിയക്ക് പുറമേ ഏഴുവർഷത്തിനപ്പുറം വാക്സിൻ നിർമാണത്തിനുള്ള ശേഷിയും ഇൻസ്റ്റിറ്റ്യൂട്ടിന് വളർത്തിയെടുക്കാനാകും. വിവിധഘട്ടങ്ങളായി സ്പേസ് സയൻസ് രംഗത്ത് ഐ.എസ്.ആർ.ഒ വളർന്ന് നാസയ്ക്കൊപ്പം കിടപിടിക്കുന്ന നിലയിലായതുപോലെ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി'ക്കും വൈറോളജി രംഗത്ത് ലോകനിലവാരത്തിലെത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

പി.എൻ.എക്സ്. 505/19



ആരോഗ്യരംഗത്ത് കേരളം മത്സരിക്കുന്നത് വികസിതരാഷ്ട്രങ്ങളോട്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ആരോഗ്യരംഗത്ത് കേരളം മത്സരിക്കുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോടല്ല വികസിത രാഷ്ട്രങ്ങളോടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  

ദന്തൽ കോളേജ് വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  

നിപ രോഗത്തെ പ്രതിരോധിച്ചതിൽ കേരളം ലോകത്തിന് മാതൃകയായി. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക അഭിനന്ദനത്തിന് പാത്രമായി.  പുരുഷനേക്കാൾ ആയുർദൈർഘ്യം സ്ത്രീകൾക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്.  പൊതുജനാരോഗ്യത്തിന് ഊന്നൽ നൽകുന്ന ആരോഗ്യനയം ആർദ്രം പദ്ധതി രൂപീകരിക്കാൻ കഴിഞ്ഞതാണ് ഈ മാറ്റത്തിന് കാരണം.  പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ഡോക്ടർമാരെ കൂടുതലായി നിയമിച്ചു. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി.  താലൂക്കാശുപത്രികളുടെ പ്രവർത്തനം വിപുലമാക്കി.  പഞ്ചനക്ഷത്ര ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ളതാണ് ഇന്നത്തെ നമ്മുടെ മെഡിക്കൽ കോളേജ് സൗകര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.എസ്. സിന്ധു അധ്യക്ഷത വഹിച്ചു.  ജനപ്രതിനിധികൾ, ദന്തൽ മെഡിക്കൽ വിഭാഗം ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 506/19



വാക്ക് ഇൻ ഇന്റർവ്യൂ

അസാപിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഇന്റേൺഷിപ്പ് അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 2006നു ശേഷം 60 ശതമാനം മാർക്കോടെ എം.ബി.എ പാസായവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ സ്‌റ്റൈപെന്റ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ രണ്ടു പകർപ്പുകളും യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 11ന് രാവിലെ 11 ന്് തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

പി.എൻ.എക്സ്. 507/19


Don't Miss
© all rights reserved and made with by pkv24live