വേറിട്ട പദ്ധതികളോടെ പെരുവയൽ ബജറ്റ്
വേറിട്ട പദ്ധതികളുമായി പെരുവയൽ ഗ്രാമ പഞ്ചായത്തിന്റെ 2019- 20 വർഷത്തെ ബജറ്റ്. 24,10,02,018 രൂപ വരവും 23,43, 26,358 രൂപ ചെലവും 66,75,660 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് ജുമൈല കുന്നുമ്മൽ അവതരിപ്പിച്ചത്. പ്രസിഡണ്ട് വൈ.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു.
കാർഷിക മേഖലക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ തരിശ് ഭൂമിയിൽ കൃഷിയിറക്കുന്നതിനും വനിത കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. വിദ്യാഭ്യാസം ,കുടിവെള്ളം ,മൃഗസംരക്ഷണം , വനിത- ശിശു - വയോജന ക്ഷേമം, ശുചിത്വം തുടങ്ങി മേഖലകളിലേക്കും മുൻ വർഷത്തെക്കാൾ തുക നീക്കിവെച്ചിട്ടുണ്ട്. മാമ്പുഴയിൽ വി.സി.ബി, പുഞ്ചപ്പാടം ലിഫ്റ്റ് ഇറിഗേഷൻ എന്നിവക്ക് തുക വകയിരുത്തിയിട്ടുണ്ട്. വിദ്യാലയ റേഡിയോ , മുഖ്യധാര, പ്രവാസി സംരംഭക പദ്ധതി, യുവജന ക്ലബുകൾക്ക് സഹായം, യുവജന ഗ്രൂപ്പിന് ചെണ്ട ,വിവിധ തൊഴിൽ യൂണിറ്റ് ആരoഭിക്കൽ എന്നീ പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഫർണ്ണിച്ചർ ,ലാപ് ടോപ്പ് , മുഴുവൻ വീടുകളും വാസയോഗ്യമാക്കൽ , കോളനികളിൽ സോളാർ സ്ട്രീറ്റ് ലൈറ്റ് ഉൾപ്പെടെ പട്ടിക ജാതി വിഭാഗങ്ങളുടെ എല്ലാ തലത്തിലുമുള്ള പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വാർഷിക പദ്ധതിക്കുള്ള സംസ്ഥാന വിഹിതത്തിൽ 40 ലക്ഷത്തോളം കുറവ് വരുത്തിയത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആമുഖ പ്രസംഗത്തിൽ പ്രസിഡണ്ട് കുറ്റപ്പെടുത്തി.
ചർച്ചയിൽ സുബിത തൊട്ടാഞ്ചേരി , പി കെ ഷറഫുദ്ദീൻ , മാക്കിനിയാട്ട് സഫിയ , ടി.എം. ചന്ദ്രശേഖരൻ , എം. ഗോപാലൻ നായർ , ആർ.വി. ജാഫർ, സി.ടി. സുകുമാരൻ, മിനി ശ്രീകുമാർ പ്രസംഗിച്ചു.
