Peruvayal News

Peruvayal News

ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് നിര്‍ഭയ ഹോമിലെ സമര്‍ത്ഥരായ കുട്ടികള്‍ക്ക് തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം

ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്.നിര്‍ഭയ ഹോമിലെ സമര്‍ത്ഥരായ കുട്ടികള്‍ക്ക് തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്ക് വേണ്ടി പുതുതായി താമസ സൗകര്യം ഒരുക്കുന്നതിന് തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഉന്നതവിജയം നേടി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പുതിയ താമസ സൗകര്യം ഒരുക്കുന്നതിനായാണ് തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം സ്ഥാപിക്കുന്നത്. ഇതിലേക്കാവശ്യമായ തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


വിവിധ പ്രായത്തിലുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പഠന നിലവാരത്തില്‍ മിടുക്കരായവര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കഠിനമായ മാനസികാഘാതം ഉള്ളവര്‍ എന്നിവര്‍ ഒരുമിച്ചാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്നത്. ഇതിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ഓരോ വിഭാഗത്തിനും പ്രത്യേക പരിചരണം നല്‍കുന്നതിന്റെ ഭാഗവുമായുമാണ് സമര്‍ത്ഥരായ കുട്ടികള്‍ക്ക് വേണ്ടി മാത്രം തേജോമയ ഹോം ആരംഭിക്കുന്നത്. കുടുംബാന്തരീക്ഷം നിലനിര്‍ത്തുന്ന തരത്തിലും ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന തരത്തിലും ആയിരിക്കും തേജോമയ ഹോം പ്രവര്‍ത്തിക്കുക.


ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളേയും സ്ത്രീകളേയും പാര്‍പ്പിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം. ഗൃഹാന്തരീക്ഷത്തില്‍ അവരുടെ പുനരധിവാസവും പുനരേകീകരണവുമാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ആകെ 12 നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലായി 360 ഓളം പേര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 80 ശതമാനത്തിലധികം 18 വയസിന് താഴെ പ്രായമുള്ള കുട്ടികളാണ്. 18 വയസിന് മുകളിലുള്ളവരുടെ പുനരധിവാസം വളരെ വെല്ലുവിളിയുള്ളതാണ്. രണ്ട് വര്‍ഷത്തിനകം മികച്ച വിദ്യാഭ്യാസവും ചികിത്സയും നല്‍കി സ്വയം പര്യാപ്തരാക്കി ഇവരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം. എന്നാല്‍ വീടുകള്‍ തന്നെ സുരക്ഷിതമല്ലാതെ വരുന്നതിനാലും കേസിന്റെ വിധിയുടെ കാലതാമസവും കാരണം ഇവരുടെ മടങ്ങിപ്പോക്ക് വൈകുന്നു. അതിനാലാണ് ഇവിടെ താമസിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. മികച്ച വിദ്യാഭ്യാസം നല്‍കി അവരെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള എല്ലാ സാഹചര്യവും ഇത്തരം ഹോമുകളില്‍ ഒരുക്കുന്നുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസം നടത്തുന്നവരും ജോലിക്ക് പോകുന്നവരും ഇവരിലുണ്ട്. ഇവര്‍ക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിനാണ് തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം സാക്ഷാത്ക്കരിക്കുന്നത്.

Don't Miss
© all rights reserved and made with by pkv24live