Peruvayal News

Peruvayal News

കായിക ലഹരിക്കായി പ്രസ് ക്ലബ്ബ് : ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം.



കായിക ലഹരിക്കായി പ്രസ് ക്ലബ്ബ് : ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം.

തിരുവനന്തപുരം : പത്താമത് പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ടൂർണമെന്റിന് സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കം. തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബും റിലേഷൻസ് മീഡിയയും ചേർന്ന് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ചലച്ചിത്ര താരങ്ങളും ഐ പി എസ് ഉദ്യോഗസ്ഥരും പങ്കാളികളാകും. ഫെബ്രുവരി 9, 10, 11 തീയതികളിലായി നടക്കുന്ന ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഇന്ന്  രാവിലെ 10.30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെൻട്രൽ സ്റ്റേഡിയത്തിൽ നിർവ്വഹിക്കും. കേരള ടീം മുൻ രഞ്ജി ക്യാപ്റ്റൻ വി. എ. ജഗദീഷ് മുഖ്യാതിഥി ആയിരിക്കും. ഞായറാഴ്ച വൈകിട്ട് 4.30 ന് പ്രസ് ക്ലബ്ബും സംസ്ഥാന എക്‌സൈസ് ടീമും തമ്മിൽ യുവത്വത്തിന് മാതൃകയായി "കായിക ലഹരി" എന്ന സന്ദേശമുയർത്തി സൗഹൃദ മത്സരം നടക്കും. തിങ്കളാഴ്ച വൈകിട്ട് 4.30 ന് ചലച്ചിത്ര താരങ്ങളുടെ ടീമും കേരള പോലീസ് ടീമും തമ്മിൽ ഏറ്റുമുട്ടും. കേരള പോലീസ് ബ്ലാസ്റ്റേഴ്സിനായി എഡിജിപി അനിൽ കാന്തിന്റെ നേതൃത്വത്തിൽ ഐ പി എസ് ഉദ്യോഗസ്ഥരായ അനന്തകൃഷ്ണൻ, മനോജ് എബ്രഹാം,  വിജയ് സാക്കറെ, ദിനേന്ദ്ര കശ്യപ്, അശോക് യാദവ്, ദേബേഷ് കുമാർ ബെഹ്‌റ, തുടങ്ങിയ പ്രമുഖർ ഗ്രൗണ്ടിലിറങ്ങും. ചലച്ചിത്ര ഇലവനെ സംവിധായകൻ എം. എ. നിഷാദ് നയിക്കും. കൈലാഷ്, സൈജു കുറുപ്പ്, മണിക്കുട്ടൻ, വിവേക് ഗോപൻ, സജി സുരേന്ദ്രൻ, സോഹൻ സീനുലാൽ ഗ്രൗണ്ടിലിറങ്ങും. മധ്യസ്ഥാപനങ്ങളിൽ നിന്നായി 18 ടീമുകളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. വിജയികൾക്ക് 20000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. സമാപന സമ്മേളനം തിങ്കളാഴ്ച വൈകിട്ട് 5 ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിക്കും. സംസ്ഥാന യുവജന ക്ഷേമ ബോർഡും, എസ് പി ഫോർട്ട് ആശുപത്രിയും, കൈരളി ജ്വല്ലേഴ്‌സുമായി സഹകരിച്ചാണ് ഇത്തവണത്തെ ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത്.

Don't Miss
© all rights reserved and made with by pkv24live