ഈ വര്‍ഷത്തെ ഹജ്ജ് സര്‍വ്വീസുകള്‍ കരിപ്പൂരില്‍ നിന്ന് ജൂലൈ ആറിനും നെടുമ്ബാശ്ശേരിയില്‍ നിന്ന് 14നും ആരംഭിക്കുമെന്ന് സംസ്ഥാന ഹജ് കമ്മറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസി
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുളള ഈ വര്‍ഷത്തെ ഹജ്ജ് സര്‍വ്വീസുകള്‍ കരിപ്പൂരില്‍ നിന്ന് ജൂലൈ ആറിനും നെടുമ്ബാശ്ശേരിയില്‍ നിന്ന് 14നും ആരംഭിക്കുമെന്ന് സംസ്ഥാന ഹജ് കമ്മറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരിപ്പൂരിലും നെടുമ്ബാശ്ശേരിയിലും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന ഹജ് കമ്മറ്റി തീരുമാനിച്ചു.ഇതിന്റെ ഭാഗമായി നെടുമ്ബാശ്ശേരിയിലെ ഹജ് സര്‍വ്വീസ് സംബന്ധിച്ച് സിയാലുമായി കൂടിക്കാഴ്ച നടത്തിയതായി ചെയര്മാന് പറഞ്ഞു.കരിപ്പൂരില്‍ ഏഴിന് ചൊവ്വാഴ്ച എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ഹജ് കമ്മിറ്റി കൂടിക്കാഴ്ച നടത്തും.
നെടുമ്ബാശ്ശേരിയില്‍ ജൂലൈ 14 മുതല്‍ 17 വരെയാണ് ഹജ് സര്‍വ്വീസ്.ദിനേന രണ്ടു വിമാനങ്ങളാണ് എയര്‍ഇന്ത്യ നാലു ദിവസത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യവിമാനം ഉച്ചയ്ക്ക് രണ്ടിനും രണ്ടാമത്തെ വിമാനം വൈകിട്ട് നാലിനും പുറപ്പെടും. 330 തീര്‍ത്ഥാടകരെ ഉള്‍ക്കൊളളുന്ന വിമാനമാണ് എയര്‍ഇന്ത്യ സര്‍വ്വീസിനായി ഉപയോഗിക്കുക.2730 പേരാണ് ഈ വര്‍ഷം നെടുമ്ബാശ്ശേരിയില്‍ നിന്ന് ഹജിന് പോകുന്നത്.
കരിപ്പൂരില്‍ നിന്നുളള ഹജ് സര്‍വ്വീസുകള്‍ ജൂലൈ ആറ് മുതലാണ് ആരംഭിക്കുക.ജൂലൈ 22 വരെയുളള ദിവസങ്ങളില്‍ 32 ഹജ് സര്‍വ്വീസുകളാണ് സൗദി എയര്‍ലെന്‍സ് കരിപ്പൂരില്‍ നിന്ന് നടത്തുക.10464 പേരാണ് കരിപ്പൂരില്‍ നിന്ന് ഹജിന് പുറപ്പെടുന്നത്.കരിപ്പൂരില്‍ നിന്നുളള സര്‍വ്വീസുകള്‍ നേരിട്ട് മദീനയിലേക്കാണ് പുറപ്പെടുക.ആയതിനാല്‍ ഹജ് ക്യാമ്ബില്‍ നിന്ന് ഇഹ്റാം വേഷത്തില്‍ ആയിരിക്കില്ല തീര്‍ത്ഥാടകര്‍ പുറപ്പെടുക.മദീനയിലെത്തിയതിന് ശേഷമാണ് തീര്‍ത്ഥാടകര്‍ ഇഹ്റാമില്‍ പ്രവേശിക്കുക.കരിപ്പൂരില്‍ ഹജ്ജ് സര്‍വ്വീസ് 2014ന് ശേഷം പുനരാരംഭിക്കുകയാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയുമായി സൗകര്യങ്ങള്‍ വിലയിരുത്താന്‍ 7ന് ചൊവ്വാഴ്ച ഹജ് കമ്മറ്റി വിമാനത്താവള ഡയറക്ടര്‍, എമിഗ്രേഷന്‍,കസ്റ്റംസ് ഉദ്യോഗസ്ഥരെ നേരില്‍ കാണും.ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുളള ടെര്‍മിനല്‍ സൗകര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.
ഈ വര്‍ഷം കേരളത്തില്‍ നിന്ന് 13194 പേര്‍ക്കാണ് ഇതുവരെയായി അവസരം കൈവന്നത്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ച വര്‍ഷമാണ്.തീര്‍ത്ഥാടകരില്‍ 1199 പേര് 70 വയസ്സിന് മുകളില്‍ പ്രായമുളളവരാണ്.മെഹ്റമില്ലാത്ത സ്ത്രീകളുടെ കാറ്റഗറിയില്‍ 2011 പേരും 12 കുട്ടികളും ഉള്‍പ്പെടും.ഹജ്ജ് കമ്മറ്റി യോഗത്തില്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.മഖ്സൂദ് അഹമ്മദ് ഖാന് മുഖ്യാഥിതിയായി.ഹജ് കമ്മറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസി അദ്ധ്യക്ഷനായി.ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാകളക്ടറുമായ അമിത് മീണ,സി.മുഹ്സിന് എം.എല്‍.എ, ഡോ.ബഹാവുദ്ധീന്‍ മുഹമ്മദ് നദ്വി, എച്ച്.മുസമ്മില്‍ ഹാജി,കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി, പി.കെ.അഹമ്മദ്, കാസിം കോയ പൊന്നാനി,പി.അബ്ദുറഹ്മാന്,അനസ് ഹാജി,ടി.കെ.അബ്ദുറഹ്മാന് എന്നിവര്‍ സംബന്ധിച്ചു
