Peruvayal News

Peruvayal News

ആദിരാജ ഫാത്തിമ മുത്ത് ബീവി (86വയസ്സ്) നിര്യാതയായി

അറക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി നിര്യാതയായി

തലശ്ശേരി: ആദിരാജ ഫാത്തിമ മുത്ത് ബീവി (86വയസ്സ്) നിര്യാതയായി. സ്വവസതിയായ തലശ്ശേരി ചേറ്റംക്കുന്നിലെ "ഇശലിൽ" രാവിലെ 11 മണിയോടെയാണ് ബീവി അന്തരിച്ചത് . 


ഹിജ്‌റ വർഷം 1351 റബീഉൽ അവ്വൽ 30ന് (1932 ആഗസ്റ്റ് 3, ബുധൻ)

എടക്കാട് (തലശ്ശേരി) ആലുപ്പി എളയയുടെയും അറക്കൽ ആദിരാജ മറിയം എന്ന ചെറുബി യുടെയും ഏട്ടാമത്തെ മകളായി ജനിച്ച ആദിരാജ ഫാത്തിമ മുത്ത് ബീവി. 

അറക്കൽ രാജ വംശത്തിന്റെ അധികാര സ്ഥാനം അലങ്കരിച്ചിരുന്ന  അന്തിച്ച ആദിരാജ ഹംസ കോയമ്മ തങ്ങൾ, അന്തരിച്ച ആദിരാജ സൈനബ ആയിഷബി എന്നിവർ സഹോദരങ്ങളാണ്. 


കണ്ണൂർ സിറ്റിയിലെ അറക്കൽ കെട്ടിനകത്തെ പ്രൗഢഗംഭീരമായ അസീസ് മഹലിൽ ജനിച്ചു വളർന്ന ബീവിക്ക് വിദ്യയുടെ ആദ്യ പാഠങ്ങൾ പകർന്ന് നൽകിയത് കണ്ണൂർ സിറ്റിയുടെ ആധുനിക വിദ്യാഭ്യാസ ശിൽപി യായ അന്തരിച്ച എ.എൻ കോയക്കുഞ്ഞി സാഹിബാണ്. 


 കണ്ണൂർ സിറ്റിയിലെ  പലമാടത്തിൽ അറക്കലിന്റെ ആശിർവാദത്തോടെ പ്രവർത്തിച്ച കോയിക്കാൻറെ സ്‌കൂളിലാണ് അവരുടെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.


അന്തരിച്ച സി.പി കുഞ്ഞഹമ്മദ് എളയയെ വിവാഹം ചെയ്ത ബീവിയുടെ ഏക മകൾ ആദിരാജ ഖദീജ സോഫിയയാണ്.


കണ്ണൂർ സിറ്റി ജുമുഅത്ത് പള്ളി ഉൾപ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കൽ സുൽത്താന  എന്ന നിലയിൽ ബീവിയിൽ നിക്ഷിപ്‌തമായിട്ടുള്ളത്.


കണ്ണൂർ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നേതൃത്വം നൽകുന്ന അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി.


2018 ൽ ജൂണ് 26ന്  സഹോദരിയും, 38മത് അറക്കൽ സ്ഥാനിയുമായിരുന്ന അറക്കൽ സുൽത്താന  സൈനബ ആയിഷ ആദിരാജ യുടെ വിയോഗത്തെ തുടർന്നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി  39മത് അറക്കൽ സുൽത്താന  സ്ഥാനം ഏറ്റെടുത്തത്.


ഇന്ന് (2019 മെയ് 4, ശനി  ) തലശ്ശേരി ഓടത്തിൽ പള്ളിയിൽ മഗ്രിബ് നമസ്കാര ശേഷം മയ്യത്ത് നിസ്കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകൻ ഇത്യസ്‌ അഹമദ് ആദിരാജ, സഹോദരി പുത്രൻ മുഹമ്മദ് റാഫി ആദിരാജ എന്നിവർ അറിയിച്ചു.

Don't Miss
© all rights reserved and made with by pkv24live