എന്‍ട്രന്‍സ് പരീക്ഷയ്ക്ക് കുവൈത്തില്‍ നിന്നെത്തിയ പെണ്‍കുട്ടിയും ബന്ധുവും വാഹനാപകടത്തില്‍ മരിച്ചു
കോട്ടയം: കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയും പിതൃസഹോദര പുത്രനും വാഹനാപകടത്തിൽ മരിച്ചു. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശിയും കുവൈത്തിൽ താമസക്കാരുമായ ജോസഫ് യോഹന്നാന്റെയും ബീന ജോസഫിന്റെയും മകൾ അലീന എൽസ ജോസഫ്(18), അലീനയുടെ പിതൃസഹോദര പുത്രൻ എബിൻ അനുമോൻ(13) എന്നിവരാണ് മരിച്ചത്. അപകടത്തിൽ എബിന്റെ പിതാവായ അനുമോന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ കൂത്താട്ടുകുളം എം.സി. റോഡിൽ ഇവർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കുവൈത്തിൽ പ്ലസ്ടു വിദ്യാർഥിനിയായിരുന്ന അലീന എൽസ ജോസഫ് വ്യാഴാഴ്ച നടക്കുന്ന മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനായാണ് നാട്ടിലേക്ക് തിരിച്ചത്. അനുമോനും മകൻ എബിനും അലീനയെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ഇവരുടെ കാർ ടിപ്പർലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
