എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇനി ബയോമെട്രിക് പഞ്ചിങ്, ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലും സ്വയംഭരണ-ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
എല്ലാ വകുപ്പുകളിലും ആറുമാസത്തിനകവും സിവിൽ സ്റ്റേഷനുകളിൽ മൂന്നുമാസത്തിനകവും ശമ്പളവിതരണ സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കണമെന്നാണ് ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ അഞ്ചരലക്ഷത്തോളം സർക്കാർ ഉദ്യോഗസ്ഥർ പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാവും.
നിലവിൽ സെക്രട്ടേറിയറ്റ് അടക്കമുള്ള പ്രധാന ഓഫീസുകളിൽ മാത്രമാണ് പഞ്ചിങ് മെഷീനെ ശമ്പളവിതരണ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. എല്ലായിടത്തും പഞ്ചിങ് ഏർപ്പെടുത്തുന്നതിനെപ്പറ്റി പഠിക്കാൻ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്.
നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ വെബ്സൈറ്റിൽ പരാമർശിച്ചിട്ടുള്ള യു ഐ ഡി എ ഐ അംഗീകാരമുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സംവിധാനമാണ് ഓഫീസുകളിൽ സ്ഥാപിക്കേണ്ടത്. മെഷീനുകൾ നേരിട്ടോ കെൽട്രോൺ മുഖാന്തരമോ വേണം വാങ്ങാൻ.
