ക്രിക്കറ്റിന്റെ ജന്മനാട്ടിൽ വീണ്ടുമൊരു ലോകകപ്പ് പോരാട്ടം
ലണ്ടൻ :
ക്രിക്കറ്റിന്‍റെ ജന്മനാട്ടിൽ വീണ്ടുമൊരു ലോകകപ്പ് പോരാട്ടം .
ഹോട്ട് ഫേവറിറ്റുകളായി ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും .
നിർഭാഗ്യത്തിന്‍റെ ജാതകം തിരുത്തിയെഴുതാൻ ദക്ഷിണാഫ്രിക്ക .
വിസ്മയിപ്പിക്കാൻ പാകിസ്ഥാനും ന്യൂസിലൻഡും .
അട്ടിമറികൾക്ക് കോപ്പു കൂട്ടി വെസ്റ്റ് ഇൻഡീസ് .
വീറോടെ പൊരുതാൻ ബംഗ്ലാദേശും പ്രതാപം വീണ്ടെടുക്കാൻ ശ്രീലങ്കയും .
രണ്ടാം ലോകകപ്പിനിറങ്ങുന്ന അഫ്ഗാനിസ്ഥാനുമുണ്ട് ചില മോഹങ്ങൾ . അതികായന്മാരെ അട്ടിമറിച്ച് ക്രിക്കറ്റിന്‍റെ ഭൂപടത്തിൽ ഇടംപിടിക്കണം .
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി പതിനൊന്നു വേദികളിൽ നടക്കുന്ന ലോക കപ്പിനായി പത്തു ടീമുകളും ഒരുങ്ങിക്കഴിഞ്ഞു .
ഇത്തവണ , 1992 ലോക കപ്പിന് സമാനമായി ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ് പോരാട്ടങ്ങൾ . ഒരു ടീമിന് ഒൻപത് മത്സരങ്ങൾ . ആദ്യ റൗണ്ടിൽ ആകെ 45 മത്സരങ്ങൾ നടക്കും . ആദ്യ നാലു സ്ഥാനക്കാർ സെമി ബർത്ത് ഉറപ്പിക്കും . ടീമുകൾക്ക് ഒരേ പോയിന്റ് വന്നാൽ റൺറേറ്റാകും വിധി നിർണയിക്കുക .
മെയ് 30ന് കെന്നിഗ്ടൺ ഓവലിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും .
ജൂൺ അഞ്ചാം തീയതി സതാംപ്റ്റണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം .
ക്രിക്കറ്റ് ലോകം ഒരുങ്ങിക്കഴിഞ്ഞു . ബാറ്റും പന്തും തമ്മിലുള്ള പോരാട്ടത്തെ വരവേൽക്കാൻ .
