ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കുന്ന പദ്ധതി മന്ദഗതിയിൽ
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ തമ്പലമണ്ണ സബ് സ്റ്റേഷനിൽ നിന്ന് മുക്കം നഗരസഭയിലെ തൂങ്ങംപുറം സബ് സ്റ്റേഷനിലേക്ക് ഭൂമിക്കടിയിലൂടെ വൈദ്യുതിയെത്തിക്കുന്നതിനുള്ള നിർമാണം പ്രദേശവാസികൾക്ക് ദുരിതമാകുന്നു.
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുന്ന പദ്ധതി ഏറെ പ്രയോജനകരമാണെങ്കിലും പദ്ധതി നിർമാണത്തിലെ അശാസ്ത്രീയതയാണ് നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്നത്.
രണ്ട് മാസം മുൻപ് തുടങ്ങിയ പണി ഇപ്പോഴും മുത്തേരി കാഞ്ഞിരമുഴി റോഡിനിടയിൽ തന്നെയാണ്. കെട്ടാങ്ങൽ - തിരുവമ്പാടി ബൈപാസായ ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് ദിവസവും കടന്ന് പോവുന്നത്. എന്നാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനോ കാൽനട യാത്രക്കാർക്ക് നടക്കാനോ പറ്റാത്ത അവസ്ഥയാണ്. പൊതുമരാമത്ത് വകുപ്പധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
മഴ പെയ്താൽ പദ്ധതിക്കായി കീറിയിട്ട കാനയിൽ വെള്ളം കെട്ടി നിൽക്കും.
സ്കൂൾ തുറക്കാൻ സമയമായതോടെ കുട്ടികളും രക്ഷിതാക്കളും വലിയ ഭീതിയിലാണ്. തൊട്ടടുത്ത വീട്ടുകാർക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. പൊടിശല്യം മൂലം ജീവിതം ദുസഹമായതായി നാട്ടുകാർ പറയുന്നു.
തമ്പലമണ്ണ - തിരുവമ്പാടി - മുത്തേരി റോഡരികിലൂടെ 12 കിലോമീറ്റർ ദൂരം അഞ്ചടിയോളം ആഴത്തിൽ ചാലുകീറി കേബിൾ വലിച്ചാണ് തൂങ്ങംപുറം സ്റ്റേഷനിൽ വൈദ്യുതിയെത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
തൂങ്ങംപുറം സബ് സ്റ്റേഷനിൽ നിന്നാരംഭിച്ച കേബിൾ സ്ഥാപിക്കൽ രണ്ട് കിലോമീറ്റർ മാത്രമാണ് പിന്നിട്ടത്. ക്രോസ് ലിങ്ക്ഡ് പോളിത്തീൻ കേബിളാണ് വൈദ്യുതി വഹിക്കുന്നതിനായി സ്ഥാപിക്കുന്നത്.
33 കെവി ശേഷിയുള്ള തമ്പലമണ്ണ സബ് സ്റ്റേഷൻ 110 കെവിയാക്കി ഉയർത്തുന്നതിന്റെ ഭാഗമായി 35 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉറുമി, ചെമ്പുകടവ്, പതങ്കയം, ആനക്കാംപൊയിൽ തുടങ്ങിയ ജലവൈദ്യുത നിലയങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി തമ്പലമണ്ണ സബ് സ്റ്റേഷനിലെത്തിക്കും. ഇവിടെ നിന്നും ഭൂമിക്കടിയിലൂടെ സ്ഥാപിച്ച കേബിളുകൾ വഴി തൂങ്ങംപുറം സബ് സ്റ്റേഷനിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇടുങ്ങിയ പ്രദേശത്ത് കൂടി ടവർ സ്ഥാപിച്ച് 110 കെവി ലൈൻ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും ടവർ സ്ഥാപിക്കുന്നതിലെ സാമ്പത്തിക ചെലവുമാണ് ഭൂമിക്കടിയിലൂടെ വൈദ്യുതി കൊണ്ടുപോകാൻ കാരണമായത്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വൈദ്യുതി തടസപ്പെടുന്നത് ഇല്ലാതാക്കാനും പുതിയ മാർഗം സഹായകരമാകുമെന്ന് അധികൃതർ പറയുന്നു.
ജൂൺ പകുതിയോടു കൂടി പദ്ധതി പൂർത്തീകരിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ സജി പൗലോസ് വ്യക്തമാക്കി. എന്നാൽ, ഇപ്പോഴത്തെ രീതിയിൽ പണി നടന്നാൽ മാസങ്ങൾ കഴിഞ്ഞാലും തീരാത്ത അവസ്ഥയാണ്. അതേ സമയം പദ്ധതി യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ കിഴക്കൻ മലയോര മേഖല നേരിടുന്ന വൈദ്യുത ക്ഷാമത്തിന് ഒരു പരിധി വരെ പരിപരിഹാരമാകും
