Peruvayal News

Peruvayal News

അമിത് ഷാ മന്ത്രിസഭയിലേക്ക് ജെയ്റ്റ്‌ലിയും സുഷമയും മാറും

അമിത് ഷാ മന്ത്രിസഭയിലേക്ക് ജെയ്റ്റ്‌ലിയും സുഷമയും മാറും

ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻവിജയത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ രൂപവത്കരണ നീക്കങ്ങൾ ബി.ജെ.പി. തുടങ്ങി. ഇതിനുള്ള ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാർട്ടിയധ്യക്ഷൻ അമിത്ഷായുടെയും നേതൃത്വത്തിൽ ഡൽഹിയിൽ തുടങ്ങി. അധ്യക്ഷ പദവിയിൽ കാലാവധി പൂർത്തിയാക്കിയ അമിത് ഷാ പ്രധാനവകുപ്പോടെ മന്ത്രിസഭയിൽ രണ്ടാമനായേക്കും.


ആഭ്യന്തരമായിരിക്കും ഷായ്ക്കു നൽകുകയെന്നാണു സൂചന. മന്ത്രിസഭയിൽ ചേരുന്നതിനെക്കുറിച്ച് അമിത് ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാ ആഭ്യന്തരമന്ത്രിയായാൽ നിലവിലുള്ള മന്ത്രി രാജ്നാഥ് സിങ്ങിന് പ്രതിരോധ വകുപ്പു നൽകിയേക്കും. മുതിർന്ന മന്ത്രിമാരും കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രകടനം നടത്തിയ മന്ത്രിമാരും പുതിയ മന്ത്രിസഭയിലും തുടരും. ആരോഗ്യപ്രശ്നങ്ങളാൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പുതിയ മന്ത്രിസഭയിൽ ഉണ്ടാകാനിടയില്ല. സുഷമ ഇക്കുറി ലോക്സഭയിലേക്കു മത്സരിച്ചിരുന്നില്ല. ജെയ്റ്റ്ലിക്കുപകരം പീയുഷ് ഗോയൽ ധനകാര്യവും സുഷമയ്ക്കു പകരം നിർമലാ സീതാരാമൻ വിദേശകാര്യവും കൈകാര്യംചെയ്യാനാണു സാധ്യത.


കഴിഞ്ഞ മന്ത്രിസഭയിൽ നന്നായി പ്രവർത്തിച്ച നിതിൻ ഗഡ്കരി, പ്രകാശ് ജാവഡേക്കർ, ധർമേന്ദ്ര പ്രധാൻ, ജെ.പി. നഡ്ഡ, നരേന്ദ്ര സിങ് തോമർ, രാജ്യവർധൻ റാത്തോഡ്, ജയന്ത് സിൻഹ എന്നിവർ പുതിയ മന്ത്രിസഭയിലും തുടരും. ഇതിൽ സ്വതന്ത്രചുമതല വഹിക്കുന്ന രാജ്യവർധൻ റാത്തോഡ്, ജയന്ത് സിൻഹ എന്നിവരെ കാബിനറ്റ് മന്ത്രിമാരാക്കും. രാഹുൽ ഗാന്ധിയെ അമേഠിയിൽ വീഴ്ത്തിയ സ്മൃതി ഇറാനിക്കും പ്രധാന സ്ഥാനം നൽകാൻ സാധ്യതയുണ്ട്. സ്മൃതിയെ സ്പീക്കർ പദവിയിലേക്കു പരിഗണിക്കുന്നതായി സൂചനയുണ്ട്.


മന്ത്രിസഭയിലെ ഏക മുസ്ലിം മുഖമായ മുക്താർ അബ്ബാസ് നഖ്വിക്കും സ്ഥാനക്കയറ്റമുണ്ടാകും. നിലവിൽ സഹമന്ത്രിയാണ് അദ്ദേഹം. ഉഡാൻ വ്യോമയാന പദ്ധതി യാഥാർഥ്യമാക്കിയ ജയന്ത് സിൻഹയ്ക്ക് അതേ വകുപ്പിൽ കാബിനറ്റ് പദവി നൽകും. തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ പിന്തുണച്ച പുതിയ തട്ടകങ്ങളായ ബംഗാൾ, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കു മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകും. കേരളത്തിൽനിന്ന് അൽഫോൺസ് കണ്ണന്താനം തുടരാനാണു സാധ്യത. ടൂറിസം മന്ത്രിയെന്ന നിലയിലെ പ്രവർത്തനവും ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രാതിനിധ്യം എന്ന ഘടകവും കണ്ണന്താനത്തെ തുണച്ചേക്കും. കേരളത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചാൽ രാജ്യസഭാംഗം വി. മുരളീധരനും സാധ്യതയുണ്ട്. രണ്ടാംനിര നേതാക്കളെ വളർത്തിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി മന്ത്രിസഭയിൽ ബി.ജെ.പി.യിൽനിന്നു കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തും.


കേവലഭൂരിപക്ഷത്തെക്കാൾ അധികം സീറ്റുകൾ ബി.ജെ.പി.ക്കുള്ളതിനാൽ ഘടകകക്ഷികളുടെ സമ്മർദം മന്ത്രിസഭാ രൂപവത്കരണത്തിൽ ഉയരില്ല. പ്രധാന വകുപ്പുകൾ ബി.ജെ.പി.യായിരിക്കും കൈകാര്യംചെയ്യുക. എൻ.ഡി.എ.യുടെ ഘടകകക്ഷികളായ ശിവസേന, ജെ.ഡി.യു., എൽ.ജെ.പി. എന്നീ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകും. ശിവസേനയ്ക്ക് 18 സീറ്റും ജെ.ഡി.യു.വിന് 16 സീറ്റുമാണ് ഇക്കുറി ലഭിച്ചത്.

Don't Miss
© all rights reserved and made with by pkv24live