വിഷു ബംബർ; അഞ്ച് കോടി വാഴക്കുളത്തെ ലോട്ടറി വില്പനക്കാരന്
വിഷു ബംബറിന്റെ അഞ്ച് കോടി അടിച്ചത് ലോട്ടറി വില്പനക്കാരന്. തമിഴ്നാട് തിരുനെൽവേലി കോട്ടൈ കരികുളം സ്വദേശി വടുവമ്മൻ പെട്ടി ചെല്ലപ്പ (39) യാണ് ആ ഭാഗ്യവാൻ. 12 വർഷമായി വാഴക്കുളത്ത് സ്ഥിര താമസമായിട്ട്. ഹോട്ടൽ ജോലിയായിരുന്നു. ഒരു വർഷമേ ആയുള്ളൂ ലോട്ടറിവില്പന തുടങ്ങിയിട്ട്. സ്വന്തമായി ഭൂമിയൊന്നുമില്ലാത്ത ചെല്ലപ്പ വാഴക്കുളം കല്ലൂർക്കാട് കവലയിലുള്ള കൊളമ്പേൽ കെട്ടിടത്തിൽ വാടകയ്ക്കാണ് താമസം. ഭാര്യ സുമതിയും മക്കൾ സഞ്ജീവ്, ശെൽവനമിത എന്നിവരും ഒപ്പമുണ്ട്. ഇരുവരും വാഴക്കുളം സെയ്ന്റ് ലിറ്റിൽ തെരേസാസ് സ്കൂളിൽ പഠിക്കുന്നു. ചെല്ലപ്പയുടെ അമ്മ സുബ്ബമ്മാൾ തമിഴ്നാട്ടിലാണ്.
മക്കൾ അവരുടെ സമ്പാദ്യത്തിൽനിന്നു സ്വരുക്കൂട്ടിയ 200 രൂപ ഭാഗ്യക്കുറിക്കായി അച്ഛന് നൽകിയിരുന്നു. അവർക്കു നൽകാനായി മാറ്റിവച്ച ടിക്കറ്റിനാണ് ബംബർ പ്രൈസ് അടിച്ചതെന്ന് ചെല്ലപ്പ പറഞ്ഞു. വാഴക്കുളത്തെ ലോട്ടറി മൊത്തക്കച്ചവട ഏജൻസിയായ നൗഷാദിെന്റ ഉടമസ്ഥതയിലുള്ള പ്രതീക്ഷാ ലോട്ടറി ഏജൻസിയിൽനിന്നാണ് ലോട്ടറിയെടുത്തത്. സ്വന്തമായി കുറച്ച് സ്ഥലം വാങ്ങി ഒരു വീട് വയ്ക്കണമെന്നും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നുമാണ് ചെല്ലപ്പയുടെയും ഭാര്യയുടെയും ആഗ്രഹം.
