Peruvayal News

Peruvayal News

വാശിപിടിച്ച് കരഞ്ഞോട്ടെ, എന്നാലും കുഞ്ഞുങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ കൊടുക്കല്ലേ..

വാശിപിടിച്ച് കരഞ്ഞോട്ടെ, എന്നാലും കുഞ്ഞുങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ കൊടുക്കല്ലേ..


കുഞ്ഞൊന്ന് കരഞ്ഞാലും ഭക്ഷണം കഴിപ്പിക്കാനും രക്ഷിതാക്കൾക്ക് അല്പം സ്വസ്ഥമായി മറ്റെന്തെങ്കിലും ചെയ്യാനുമെല്ലാം കുട്ടികൾക്ക് മൊബൈൽ ഫോണിൽ വീഡിയോ കാണിക്കുന്നവർ ധാരാളമാണ്. ഇങ്ങനെ അഞ്ചുവയസ്സിൽതാഴെയുള്ളവർക്ക് മുന്നിൽ ടി.വി.യും കംപ്യൂട്ടറും മൊബൈലും ഉൾപ്പെടെയുള്ള ഡിജിറ്റൽ സ്ക്രീനിൽ ചിത്രീകരണങ്ങൾ കാണിക്കുന്നതിന് ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ.) മാർഗനിർദേശം കൊണ്ടുവന്നു.


ഒരു വയസ്സിൽതാഴെയുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് സ്ക്രീനുകൾ കണിക്കാനേ പാടില്ലെന്നും അതിന് മുകളിൽ അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു മണിക്കൂർവരെയും മാത്രമേ വീഡിയോ പ്രദർശിപ്പിക്കാവൂ എന്നതാണ് നിർദേശം.


കുട്ടികൾ കളിച്ചും ഉറങ്ങിയും അവരുടെ കായികക്ഷമതയും ബുദ്ധിശക്തിയും നിലനിർത്തട്ടേയെന്നും ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇതു സഹായകമാകുമെന്നും സംഘടന നിർദേശിച്ചു. ആദ്യമായാണ് ഡബ്ല്യു.എച്ച്.ഒ. ഇത്തരം മാർഗനിർദേശങ്ങൾ നൽകുന്നത്.


ഒന്നുമുതൽ നാലുവയസ്സുവരെയുള്ള കുട്ടികൾ ദിവസത്തിൽ മൂന്നുമണിക്കൂറെങ്കിലും കായികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഒരു വയസ്സിൽ താഴെയുള്ളവർ തറയിൽ ഇരുന്നുകളിക്കട്ടെ, അവരുടെ സാന്നിധ്യത്തിൽനിന്ന് എല്ലാത്തരം ഇലക്ട്രോണിക് സ്ക്രീനുകളും ഒഴിവാക്കപ്പെടണം. ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, അമേരിക്കൻ ഐക്യനാടുകൾ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പഠനങ്ങളിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യു.എച്ച്.ഒ. മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

Don't Miss
© all rights reserved and made with by pkv24live