കലാമണ്ഡലം ഹേമലതയുടെ റെക്കോഡ് തകര്‍ത്ത് നേപ്പാളി പെണ്‍കുട്ടി
126 മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് ലോക റെക്കോഡിട്ട് നേപ്പാൾ സുന്ദരി. മലയാളിയായ കലാമണ്ഡലം ഹേമലതയുടെ റെക്കോർഡാണ് ഇവർ മറികടന്നത്.
ബന്ദന നേപ്പാൾ എന്ന കൗമാരക്കാരിയാണ് ലോക റെക്കോർഡ് നേട്ടത്തിനായി 126 മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്തത്. 2011-ൽ 123 മണിക്കൂർ 15 മിനിട്ട് നൃത്തം ചെയ്ത ഹേമലതയുടെ റെക്കോർഡാണ് ഇവർ തകർത്തത്.
കിഴക്കൻ നേപ്പാൾ സ്വദേശിനിയാണ് ബന്ദന. വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ നിന്ന് ലഭിച്ചതായി ബന്ദന അറിയിച്ചു.
നേപ്പാൾ സംസ്കാരത്തിന് ആഗോളതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ നൃത്തത്തിനായി നേപ്പാളി ഗാനങ്ങൾ മാത്രമാണ് ഇവർ തിരഞ്ഞെടുത്തത്. അഞ്ചുവയസ്സുമുതൽ ബന്ദന നൃത്തം അഭ്യസിക്കുന്നുണ്ട്. നേപ്പാളിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ് ഇവർ പരിശീലനം നേടിയത്.
ഞങ്ങളുടെ തലമുറയിൽ സ്ത്രീകൾ പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നത് സങ്കല്പിക്കാൻ പോലും അസാധ്യമായിരുന്നു. എന്നാൽ കാലം മാറിയിരിക്കുന്നു. എന്റെ കൊച്ചുമകളെ ഓർത്ത് ഞാൻ ഇന്ന് അഭിമാനിക്കുന്നു. ബന്ദനയുടെ മുത്തശ്ശി പറയുന്നു.
ബന്ദനയുടെ നേട്ടത്തിൽ അഭിമാനിക്കുന്നതായി അവളുടെ അച്ഛനും പറഞ്ഞു. ഇത് മകളുടെ മാത്രം നേട്ടമല്ല. രാജ്യത്തിന്റെ യശസ്സ് ലോകത്തിന് മുന്നിൽ ഉയർത്തിയിരിക്കുകയാണ്. ഇത് ഞങ്ങൾക്കെല്ലാവർക്കും അഭിമാനത്തിന്റെ നിമിഷമാണ്.
