ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച 17 പേരില്‍ ആറ് മലയാളികൾ
ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് മരിച്ച 17 പേരില്‍ ആറ് മലയാളികള്‍. ഇതില്‍ പത്തോളം ഇന്ത്യക്കാരുണ്ട്. മരിച്ച ആറ് മലയാളികളില്‍ നാല് പേരുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ദുബായിലേ സാമൂഹ്യ പ്രവര്‍ത്തകനായ തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ധീന്‍ , തിരുവനന്തപുരം സ്വദേശി ഒമാനില്‍ അക്കൗണ്ടന്റ് ആയ ദീപക് കുമാര്‍ , തിലകന്‍, വാസുദേവന്‍ എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികള്‍.
മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനില്‍ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ദുബായിലെ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്‌സിററ്റിലെ ദിശ ബോര്‍ഡിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.
