ഒരു കിലോ മത്തിക്ക് 300 രൂപ അയിലയ്ക്ക് 340
പാലക്കാട്: നാടൻ ഹോട്ടലുകളിലും ഭക്ഷണമേശകളിലും സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തി ഇനി കുറച്ചുകാലത്തേക്ക് വിലയേറിയ വിഭവമാവും. ബുധനാഴ്ച പാലക്കാട്ട് ഒരു കിലോ മത്തിക്ക് വില 300 രൂപയായി. വില ഉയർന്നതോെട ഇരുചക്രവാഹനങ്ങളിൽ മത്തി വില്പനയ്ക്കെത്തിയില്ല.
ഒരു കിലോ മത്തി വാങ്ങിയാൽ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്പോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല. അതോടെ ഹോട്ടലുകളിലും ഉച്ചയൂണിന് മത്തിയും അയിലയും അപ്രത്യക്ഷമായി. ഇവയുൾപ്പെടെ പച്ചമീനുകൾക്കെല്ലാം വില കൂടിയതായി കച്ചവടക്കാർ പറഞ്ഞു.
കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിക്ക് ബുധനാഴ്ച 300 രൂപയായി. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി. 120 രൂപമുതൽ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോൾ 280 രൂപയായി. ചെമ്പല്ലി 260 രൂപയ്ക്കാണ് വിൽക്കുന്നത്. നേരത്തെ 140 മുതൽ 180 രൂപവരെയായിരുന്നു വില.
കടൽമീൻവരവ് കുറഞ്ഞതോടെ ജലാശയങ്ങളിലെ വളർത്തുമീനുകൾക്കും വില കൂടി. 130 രൂപയ്ക്ക് വിറ്റിരുന്ന കട്‌ലയുടെ വില 180 രൂപയായി. വാളമീൻ കിലോയ്ക്ക് 200 രൂപയായി. നേരത്തെ 120 രൂപയായിരുന്നു. തിലോപ്പിയയ്ക്ക് 200 രൂപയായി. നേരത്തെ കിലോയ്ക്ക് 140 രൂപയ്ക്കാണ് വിറ്റിരുന്നത്. കോഴിക്കോട്ടെ മീൻ മാർക്കറ്റുകളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതൽ മീനുകൾ വരുന്നത്. ജില്ലയിലേക്കുള്ള മീൻവരവും പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണ്. കടകളിൽ ഹോൾസെയിൽ വില്പനയ്ക്കായി 25 ലോഡ് മീൻ വന്നിരുന്നിടത്ത് ഇപ്പോൾ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് വരുന്നത്.
ട്രോളിങ് നിരോധനം മീൻവരവിനെ ബാധിച്ചതായി ഫിഷ് മർച്ചന്റ് അസോസിയേഷൻ അംഗം റഫീഖ് പറഞ്ഞു.
