സൗദിയിലെ എല്ലാ ഹൗസ് ഡ്രൈവര്‍മാര്‍ക്കും ഫാമിലി വിസിറ്റ് വിസ ലഭിക്കില്ല; നിബന്ധനയുണ്ട്
റിയാദ്- ഹൗസ് ഡ്രൈവര്‍ പ്രൊഫഷനിലുള്ള എല്ലാവര്‍ക്കും സൗദിയില്‍ വിസിറ്റ് വിസ ലഭിക്കുന്നുണ്ടെന്ന പ്രചാരണം ശരിയല്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസില്‍ സ്‌പോണ്‍സര്‍മാര്‍ നേരിട്ട് ഹാജരായി സാക്ഷ്യപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ഫാമിലി വിസിറ്റ് വിസ ലഭിക്കുകയുള്ളൂ.
ഹൗസ് ഡ്രൈവര്‍ പ്രൊഫഷനിലുള്ളവര്‍ക്ക് വിസിറ്റ് വിസ ലഭിക്കുന്നുണ്ടെന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഓണ്‍ലൈന്‍ വിസിറ്റ് വിസ ഫോം പൂരിപ്പിച്ച് പ്രിന്റെടുത്ത് അപേക്ഷകനും സ്‌പോണ്‍സറും ഒപ്പുവെച്ച് റിയാദ് നാസിരിയ്യയിലെ വിദേശകാര്യ മന്ത്രാലയ ഓഫീസില്‍ സ്‌പോണ്‍സറോടൊപ്പം ചെന്നാല്‍ മാത്രമാണ് ഹൗസ് ഡ്രൈവര്‍മാര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത്.
അപേക്ഷകന്‍ ഹൗസ് ഡ്രൈവറാണെങ്കിലും കുടുംബത്തെ സൗദിയില്‍ കൊണ്ടുവന്നാല്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്ന സാക്ഷ്യപത്രത്തില്‍ സ്‌പോണ്‍സര്‍ ഒപ്പിട്ടുനല്‍കണം. സ്‌പോണ്‍സര്‍ നേരിട്ട് ഹാജരായാല്‍ നേരത്തെയും ഹൗസ് ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് സന്ദര്‍ശക വിസ അനുവദിച്ചിരുന്നു.
