ബഹിരാകാശ ചരിത്രത്തിൽ മറ്റൊരു വൻ നേട്ടവുമായി ചൈന.
കടലിൽ നിന്നും റോക്കറ്റ് വിക്ഷേപിച്ചാണ് ചൈന ചരിത്രനേട്ടം കുറിച്ചത്. കടലിൽ നങ്കൂരമിട്ട വൻ കപ്പലിൽ നിന്നാണ് ലോങ് മാർച്ച്–11 എന്ന റോക്കറ്റ് വിക്ഷേപിച്ചത്. ബഹിരാകാശ ലോകത്തെ ആദ്യ സംഭവമാണിത്. കടലിലൂടെ സഞ്ചരിക്കുന്ന ലോഞ്ചിങ് പാഡിൽ നിന്നും ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാമെന്ന് തെളിയിക്കുന്നതായിരുന്നു ചൈനയുടെ ദൗത്യം.
ഒന്നിലധികം ഉപഗ്രഹങ്ങളെയും മറ്റു പേടകങ്ങളെയും ലക്ഷ്യത്തിലെത്തിക്കാൻ ശേഷിയുളളതാണ് ലോങ് മാർച്ച് റോക്കറ്റ്. ഇതേ റോക്കറ്റ് ഉപയോഗിച്ച് നേരത്തെ 305 വിക്ഷേപണങ്ങൾ ചൈന നടത്തിയിട്ടുണ്ട്. ചൈനയുടെ തന്നെ ബൂഫെങ്–1 എ, ബൂഫെങ്–1ബി എന്നിവ ഉൾപ്പടെ ഏഴു സാറ്റലൈറ്റുകളാണ് വിക്ഷേപിച്ചത്.
കാറ്റുകളുടെ ഗതിനിർണയത്തിനും വൻ ചുഴലിക്കാറ്റുകളുടെ നിരീക്ഷണത്തിനും ലക്ഷ്യമിട്ടാണ് ബൂഫെങ് സാറ്റലൈറ്റുകൾ വിക്ഷേപിച്ചത്. ചൈനീസ് അക്കാദമി ഓഫ് സ്പേസ് ഫ്ലൈറ്റ് ടെക്നോളജിയാണ് രണ്ടു സാറ്റലൈറ്റുകളും നിർമിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബഹിരാകാശ രംഗത്ത് ചൈനീസ് ഗവേഷകർ വൻ പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് നടത്തുന്നത്. ഇതിനായി വൻ തുകയാണ് ചൈനീസ് സർക്കാരും നിക്ഷേപിക്കുന്നത്.