ആകെയുള്ള 18 MLAമാരിൽ 12 പേരും TRSനൊപ്പം ചേർന്നു; തെലങ്കാനയിൽ പ്രതിപക്ഷസ്ഥാനം നഷ്ടപ്പെട്ട് കോൺഗ്രസ്
കോൺഗ്രസ് വിട്ട 12 എം എൽ എമാരിൽ മുൻ ആഭ്യന്തരമന്ത്രി സബിത ഇന്ദ്ര റെഡ്ഡിയും ഉൾപ്പെടുന്നു
ഹൈദരാബാദ്: തെലങ്കാനയിൽ കൈവശം ഉണ്ടായിരുന്ന 18 എം എൽ എമാരിൽ 12 പേരും പാർട്ടി വിട്ടതോടെ കടുത്ത പ്രതിസന്ധിയിലായി കോൺഗ്രസ്. മൂന്നിൽ രണ്ട് ഭാഗം എം എൽ എമാരും പാർട്ടി വിട്ടതോടെ തെലങ്കാനയിൽ കോൺഗ്രസിന്‍റെ പ്രതിപക്ഷസ്ഥാനം നഷ്ടമായി. കോൺഗ്രസ് വിട്ട 12 എം എൽ എമാരും ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയിൽ ചേർന്നു.
കോൺഗ്രസിന്‍റെ മൂന്നിൽ രണ്ട് എം എൽ എമാരെ ടി ആർ എസ് പാളയത്തിൽ എത്തിക്കുന്നതിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വിജയിച്ചു. വ്യാഴാഴ്ച സ്പീക്കർ പി ശ്രീനിവാസ റെഡ്ഡി എം എൽ എമാരുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. കൂറുമാറി എത്തുന്നവർക്ക് ടി ആർ എസ് അംഗങ്ങൾക്കൊപ്പം തന്നെ നിയമസഭയിൽ ഇരിക്കാവുന്നതാണെന്ന് നിയമസഭയിൽ പുറത്തിറക്കിയ ബുള്ളറ്റിനിൽ സ്പീക്കർ പറയുന്നു.
കോൺഗ്രസ് വിട്ട 12 എം എൽ എമാരിൽ മുൻ ആഭ്യന്തരമന്ത്രി സബിത ഇന്ദ്ര റെഡ്ഡിയും ഉൾപ്പെടുന്നു. ഡി സുധിർ റെഡ്ഡി, ജെ സുരേന്ദർ, രെഗ കാന്ത റാവു, ജിവി രമണ റെഡ്ഡി, പൈലറ്റ് റോഹിത് റെഡ്ഡി, കെ ഉപേന്ദർ റെഡ്ഡി, ഹരിപ്രിയ നായക്, വനമ വെങ്കടേശ്വർ റാവു, ലിംഗായത്, അത്രം സക്കു, ഹർഷവർദ്ദൻ റെഡ്ഡി എന്നിവരാണ് കോൺഗ്രസ് വിട്ട് ടി ആർ എസിൽ ചേർന്നത്. ഇതോടെ, നിയമസഭയിൽ ടി ആർ എസിന്‍റെ എം എൽ എമാരുടെ എണ്ണം 100 ആയി. കോൺഗ്രസിന് വെറും ആറ് എം എൽ എയും.