Peruvayal News

Peruvayal News

നിപ നേരിടാന്‍ പൂര്‍ണസജ്ജം , ഭീതിപടര്‍ത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

നിപ നേരിടാന്‍ പൂര്‍ണസജ്ജം , ഭീതിപടര്‍ത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം : നിപ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു . രോഗം സ്ഥിരീകരിച്ചതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഭീതിപടര്‍ത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നിയമനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു


ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:


എറണാകുളത്ത് പനി ബാധിച്ച്‌ ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമാണ്. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്.


നിപ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാവരും തയ്യാറാകണം.

കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അവരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.


കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ അതിനെ ഒന്നിച്ച്‌ നിന്ന് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാന്‍ കഴിയും. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ ആരും നടത്തരുത്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും.

Don't Miss
© all rights reserved and made with by pkv24live