Peruvayal News

Peruvayal News

സംഭാരം കുടിക്കാം; ദേഹം തണുപ്പിക്കാം.വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ഉത്തമ പാനീയമാണ് സംഭാരം.

സംഭാരം കുടിക്കാം; ദേഹം തണുപ്പിക്കാം



കടുത്ത വേനല്‍ച്ചൂടിനെ അതിജീവിക്കാന്‍ ഭാരതീയ ചികിത്സാവിധിയായ ആയുര്‍വേദത്തില്‍ കൃത്യമായ പ്രതിവിധികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരമ്പരാഗതമായി നമ്മുടെനാട്ടില്‍ നിലനിന്ന ഭക്ഷണരീതിയുമായി ഇത് അടുത്തുബന്ധപ്പെട്ടിരിക്കുന്നു.

വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ഉത്തമ പാനീയമാണ് സംഭാരം.


നേര്‍പ്പിച്ച മോരില്‍ ഇഞ്ചി, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ത്താണ് സംഭാരം തയ്യാറാക്കേണ്ടത്. കറിവേപ്പിന്റെ ഇലയും ചെറുനാരകത്തിന്റെ ഇലയും ആവശ്യത്തിന് ചേര്‍ത്താല്‍ കൂടുതല്‍ നന്ന്. ഇഞ്ചി, പച്ചമുളക്, കറിവേപ്പില തുടങ്ങിയവ നന്നായി കഴുകിച്ചതച്ച് ചേര്‍ക്കണം. എന്നാല്‍, പനിയുള്ളവരും കഫപ്രകൃതമുള്ളവരും മോര് ഒഴിവാക്കണം.

മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവ ചതച്ചിട്ട് തിളപ്പിച്ച് തണുപ്പിച്ചെടുത്ത വെള്ളം ദാഹിക്കുമ്പോള്‍ കുടിക്കാം. ദഹനം വര്‍ധിപ്പിക്കാനും പനിപോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ കുറയ്ക്കാനും ഇത് ഉത്തമമാണ്.

ജീരകവെള്ളം നല്ലൊരു ദാഹശമനിയാണ്. ഇതും ദഹനത്തെ വര്‍ധിപ്പിക്കും. എന്നാല്‍, മലബന്ധമുള്ളവര്‍ ഇത് ഒഴിവാക്കണം. വേനല്‍ക്കാലത്ത് കനത്ത ചൂടില്‍ മൂത്രച്ചൂട് അനുഭവപ്പെടുന്നവര്‍ ഏറെയാണ്. ഞെരിഞ്ഞില്‍ ചതച്ച് കിഴികെട്ടിയോ, ബാര്‍ലി, ചെറുപൂള, തഴുതാമ, മുള്ളന്‍ചീര ഇവ പ്രത്യേകമായോ ഒന്നിച്ചോ വെള്ളത്തിലിട്ട് ആ വെള്ളം കുടിക്കാം.

തേങ്ങാവെള്ളമോ, കരിക്കിന്‍വെള്ളമോ ധാരാളം കുടിക്കുന്നത് വേനല്‍ക്കാലത്ത് നല്ലതാണ്. പ്രമേഹരോഗമുള്ളവര്‍ ഇത് അധികം കുടിക്കരുത്. മലര്‍വറുത്ത് ഒരു കഷണം ചുക്കും ചതച്ചിട്ട് ഉപ്പും ചേര്‍ത്ത് വെള്ളം ചൂടാക്കിയെടുത്താല്‍ അതിസാര രോഗികള്‍ക്ക് കുടിക്കാന്‍ വളരെനല്ലതാണ്. 

ആയുര്‍വേദത്തിന്റെ ഒ.ആര്‍.എസ്. പാനീയമാണിത്.

നാരങ്ങാവെള്ളം കുടിക്കുന്നത് ദാഹം ശമിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. എന്നാല്‍ കഫക്കെട്ട് അലട്ടുന്നവര്‍ നാരങ്ങാവെള്ളം പഞ്ചസാരയിട്ട് ഉപയോഗിക്കുന്നതിന് പകരം തേന്‍ ചേര്‍ത്ത് കുടിക്കണം.

മല്ലിവെള്ളം ത്രിദോഷ ശമനിയായതിനാല്‍ ഏതു കാലാവസ്ഥയിലും ഏതുപ്രായക്കാര്‍ക്കും എപ്പോഴും ഉപയോഗിക്കാം. തുളസി ഇട്ട വെള്ളമോ ചുക്കുവെള്ളമോ കുടിക്കുന്നതും നല്ലതാണ്. നാല്‍പ്പാമരത്തിന്റെ (അത്തി, ഇത്തി, അരയാല്‍, പേരാല്‍) തൊലി ഉണക്കി ചതച്ചിട്ട് ചൂടാക്കിയ വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് കുളിര്‍മ നല്‍കും. വേപ്പിന്റെ ഇലയിട്ട വെള്ളം തിളപ്പിച്ച് ആറിക്കഴിയുമ്പോള്‍ കുളിക്കാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്.


വേനലില്‍ ഉപയോഗിക്കാന്‍ ഏറ്റവും നല്ല പഴമാണ് മാതളനാരങ്ങ. അതിസാരം, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്കും ഇത് ഏറെ ഗുണംചെയ്യും. മുന്തിരിങ്ങ, നെല്ലിക്ക എന്നിവയുടെ നീര് കുടിക്കാം. പച്ചക്കറികള്‍ അടങ്ങിയ സാലഡ്, മോര് എന്നിവ ഭക്ഷണരീതിയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. എരിവും പുളിയും കുറയ്ക്കണം. വാഴക്കൂമ്പ്, തഴുതാമ, ചേന, വെള്ളരിക്ക, കുമ്പളങ്ങ എന്നിവ കൂടുതല്‍ ഉപയോഗിക്കണം. കദളിപ്പഴവും വേനല്‍ച്ചൂടിന്റെ ആഘാതംകുറയ്ക്കും. ചുവന്നുള്ളി, സവാള എന്നിവ ആഹാരത്തില്‍ കൂടുതല്‍ ചേര്‍ക്കുന്നത് ചൂട് ശമിപ്പിക്കും.

വെള്ളം കുടിക്കേണ്ട രീതിയും ആയുര്‍വേദത്തില്‍ വ്യക്തമാക്കുന്നുണ്ട്. മരുന്ന് ഏതായാലും അത് ഒരു പലം (60 ഗ്രാം) എടുത്ത് (ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ സമം ചേര്‍ത്ത് ഒരു പലം) നാല് ഇടങ്ങഴി വെള്ളത്തില്‍ തിളപ്പിച്ച് രണ്ടിടങ്ങഴിയായി വറ്റിച്ചശേഷം വേണം കഴിക്കേണ്ടത്. ഇത് ഒരു ദിവസംകൊണ്ട് കുടിച്ചുതീര്‍ക്കാം. ഓരോ ദിവസത്തേക്കും പുതിയത് ഉണ്ടാക്കണം. തണുപ്പുവേണ്ടവര്‍ക്ക് കൂജയില്‍വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. വെള്ളം ശുദ്ധമാക്കാനും മാര്‍ഗ്ഗമുണ്ട്. ഇതിനായി തലേന്നുതന്നെ വെള്ളത്തില്‍ തെറ്റാമ്പരലോ, അല്ലെങ്കില്‍ ആലമോ ഇട്ടുവച്ച് പിറ്റേന്ന് ആ വെള്ളം ഊറ്റി മരുന്നിട്ട് തിളപ്പിച്ച് ഉപയോഗിക്കാം.

പ്രമേഹരോഗികള്‍ക്ക് പൊന്‍കരണ്ടിവേരും കരിങ്ങാലിക്കാതലും ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. രാമച്ചമോ പതിമുകമോ ഇട്ട് വെന്ത വെള്ളം കുടിക്കുന്നത് ഉഷ്ണകാലത്ത് വളരെ നല്ലതാണ്.

Don't Miss
© all rights reserved and made with by pkv24live