വായു’ തിരിച്ചെത്തുന്നു ? കാറ്റിന്റെ ദിശ മാറാൻ സാധ്യത ; കേരളത്തിൽ വൻ തിരമാലകൾ ഉണ്ടായേക്കാം
ന്യൂഡൽഹി : വായു ചുഴലിക്കാറ്റിന് വീണ്ടും ദിശാമാറ്റം സംഭവിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നിലവിൽ വടക്കു-പടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേയ്ക്ക് നീങ്ങുന്ന കാറ്റ് എതിർദിശയിലേക്ക് തിരിയാൻ സാധ്യത ഉള്ളതായി കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് അറിയിച്ചു. 17, 18 തീയതികളിൽ ഗുജറാത്തിൽ കച്ചിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. ശനിയാഴ്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രതയിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു.
എന്നാൽ കാറ്റിന്റെ സഞ്ചാരപഥം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഗുജറാത്തിന് പുറമേ മുംബൈ, ഗോവ ഉൾപ്പടെയുള്ള തീരമേഖലകളിൽ 'വായു' പ്രഭാവത്തിൽ മഴ തുടരുകയാണ്. അതേസമയം കേരളതീരത്ത് ഇന്നും വന്‍ തിരമാലകളുണ്ടാകുമെന്ന് സമുദ്രഗവേഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
പടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത കൈവരിക്കും. അടുത്ത വ്യാഴാഴ്ചയോടെ കാറ്റ് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കരുതുന്നത്. വായു ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
