തൈറോയിഡ് ഗ്രന്ഥിക്ക് രോഗം വന്നാല്‍
ഹൈപ്പോ തൈറോയ്ഡിസം,ഹൈപ്പര്‍ തൈറോയ്ഡിസം, ഗോയ്റ്റര്‍ എന്നിവയാണു തൈറോയ്ഡ് രോഗങ്ങള്‍ എന്നറിയപ്പെടുന്നത്. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഉത്പാദനത്തിലെ അപാകതകളാണ് ഈ രോഗങ്ങള്‍ക്കു കാരണം. ടി 3, ടി 4 എന്നീ തൈറോക്സിനുകളാണു തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്. ഇവയുടെ ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് രോഗങ്ങളിലേക്കുള്ള വഴി. ഭക്ഷണത്തിലൂടെ ലഭിക്കേണ്ട അയഡിന്‍റെ അളവ് കുറയുന്നത് തൈറോയ്ഡ് രോഗങ്ങള്‍ ബാധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അയഡിന്‍റെ സഹായത്തോടെ മാത്രമേ ടി 3, ടി 4 എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കൂ.
ഹൈപ്പോ തൈറോയ്ഡിസം
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവ് കുറയുന്നതാണു ഹൈപ്പോ തൈറോയ്ഡിസം. അയഡിന്‍റെ അളവ് കുറയുന്നത് ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയുണ്ടാകും. എല്ലുകള്‍ക്കു ബലം കുറയുക, ശരീര ഭാരം കൂടുക, മുടി കൊഴിയുക, ശബ്ദത്തിനു പതര്‍ച്ച, സ്ത്രീകളില്‍ ആര്‍ത്തവം ക്രമമല്ലാതാകുക, അമിത ക്ഷീണം, അമിതമായി തണുപ്പ് അനുഭവപ്പെടുക എന്നിവയാണു ലക്ഷണങ്ങള്‍.
ഹൈപ്പര്‍ തൈറോയ്ഡിസം
ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കുന്ന അവസ്ഥയാണിത്. ശരീരത്തില്‍ തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ കൂടുതല്‍ ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നതു ഹൈപ്പര്‍ തൈറോയ്ഡിസത്തിലേക്കു നയിക്കുന്നു. ശരീരം ക്ഷീണിക്കുക, വിറയല്‍, അധികമായി ഉഷ്ണം അനുഭവപ്പെടുക, അധിക വിയര്‍പ്പ്, മാനസികമായി അസ്വസ്ഥത, അമിതമായ ഹൃദയമിടിപ്പ്, ഉറക്കക്കുറവ്, ഭക്ഷണം കഴിച്ചിട്ടും തൂക്കക്കുറവ് തുടങ്ങിയവയാണു ലക്ഷണങ്ങള്‍.
ഗോയ്റ്റര്‍
തൈറോയ്ഡ് ഗ്രന്ഥിയുടെ വലുപ്പക്കൂടുതലാണു ഗോയ്റ്റര്‍ എന്ന അവസ്ഥ. കഴുത്തിനു മുന്നില്‍ വലിയ മുഴയായിട്ടാണ് ഇവ കാണുക. തൈറോയ്ഡ് ഗ്രന്ഥികളിലെ കോശങ്ങളുടെ എണ്ണം കൂടുന്നതു മൂലമാണിത്. അയഡിന്‍റെ കുറവാണു ഗോയ്റ്ററിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. തൈറോയ്ഡ് ഗ്രന്ഥിയില്‍ പല സ്ഥലങ്ങളിലായി കാണപ്പെടുന്ന ഗോയ്റ്ററാണു മള്‍ട്ടി നോഡുലാര്‍ ഗോയ്റ്റര്‍. തൈറോയ്ഡ് ഗ്രന്ഥി വളരുന്നതു മൂലം ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയും ശബ്ദത്തിനു പതര്‍ച്ചയും ഉണ്ടാകാറുണ്ട്. ഹൈപ്പര്‍ തൈറോയ്ഡിസവും ഹൈപ്പോ തൈറോയ്ഡിസവും ഗോയ്റ്ററിനു കാരണമാവാം. ഇവ രണ്ടുമല്ലാതെ കാന്‍സര്‍ മൂലവും തൈറോയ്ഡ് ഗ്രന്ഥിയില്‍ വീക്കമുണ്ടാകാം. ഇത്തരം അവസ്ഥയില്‍ വേദനയും ശ്വാസംമുട്ടലും ഉണ്ടാകാം.
ഹോര്‍മോണുകളുടെ
ഏറ്റക്കുറച്ചില്‍
നിയന്ത്രിച്ചു ചികിത്സ
അയഡിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക വഴി അയഡിന്‍റെ കുറവ് മൂലമുണ്ടാകുന്ന തൈറോയ്ഡ് രോഗങ്ങള്‍ പ്രതിരോധിക്കാം. കടല്‍ മത്സ്യങ്ങളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അയഡിന്‍ അടങ്ങിയ ഉപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്.
മരുന്നുകള്‍ ഉപയോഗിച്ചു ഹൈപ്പോ തൈറോയ്ഡിസം ചികിത്സിച്ചു ഭേദമാക്കാം. കൃത്രിമ ഹോര്‍മോണുകള്‍ അടങ്ങിയ മരുന്നുകളാണ് ഹൈപ്പോ തൈറോയ്ഡിസം ഭേദമാക്കാന്‍ ഉപയോഗിക്കുന്നത്. ടി4 ഹോര്‍മോണുകള്‍ അടങ്ങിയ മരുന്നുകള്‍ ലഭ്യമാണ്. ദീര്‍ഘകാലം ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ രക്തത്തില്‍ തൈറോയ്ഡ് ഹോര്‍മോണിന്‍റെ അളവ് കൂട്ടാന്‍ സാധിക്കും. രക്തത്തിലെ ഹോര്‍മോണിന്‍റെ അളവ് പരിശോധിച്ച് ആവശ്യമെങ്കില്‍ മരുന്നിന്‍റെ ഡോസ് കൂട്ടിയാണു ഹോര്‍മോണിന്‍റെ അളവ് ക്രമപ്പെടുത്തുക. ഹൈപ്പര്‍ തൈറോയ്ഡിസവും മരുന്നുകള്‍ കൊണ്ടു ഭേദമാക്കാനാവും. അധികമായി ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ റേഡിയോ അയഡിന്‍ ഉപയോഗിച്ചു കരിച്ചു കളയുന്നതും . ചെറിയ രീതിയില്‍ റേഡിയേഷന്‍ ഉണ്ടാക്കുന്ന ഇവ ചുറ്റുമുള്ള അധിക കോശങ്ങളെ കരിച്ചു കളയും. എന്നാല്‍ മരുന്നുകള്‍ കൊണ്ടും റേഡിയേഷന്‍ അയഡിന്‍ കൊണ്ടും പരിഹരിക്കാനാവാത്ത സ്ഥിതിയാണെങ്കില്‍ ശസ്ത്രക്രിയ നടത്തി അധിക കോശങ്ങള്‍ നീക്കം ചെയ്യും.
ഹോര്‍മോണിന്‍റെ വ്യതിയാനം കൊണ്ടുണ്ടാകുന്ന ഗോയ്റ്റര്‍, മരുന്നുകള്‍ ഉപയോഗിച്ചു ഭേദമാക്കാന്‍ സാധിക്കും. കഴുത്തിലെ മുഴയുടെ വലിപ്പമേറുന്നതു മൂലം ശ്വാസംമുട്ടല്‍, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ശബ്ദത്തില്‍ വ്യതിയാനം എന്നിവ ഉണ്ടാകാറുണ്ട്. ഈ അവസ്ഥയില്‍ ശസ്ത്രക്രിയയാണ് അഭികാമ്യം. ശസ്ത്രക്രിയ ചെയ്തതിനു ശേഷവും ചിലരുടെ തൈറോയ്ഡ് ഗ്രന്ഥിയില്‍ വീക്കം ഉണ്ടാകുന്നതായും കണ്ടുവരുന്നുണ്ട്. രോഗം ബാധിച്ച ഭാഗത്തെ വേരോടെ പിഴുതെടുക്കാന്‍ സാധിക്കാത്തതിനാലാണിത്. തൈറോയ്ഡ് രോഗങ്ങള്‍ പാരമ്പര്യമായി വരാന്‍ സാധ്യതയേറെയാണ്. സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍ കാണുന്നത്.
