Peruvayal News

Peruvayal News

ഒരുവർഷത്തിനുശേഷവും വ്യക്തതയില്ല. നിപ മനുഷ്യനിലെത്തിയതെങ്ങനെ

ഒരുവർഷത്തിനുശേഷവും വ്യക്തതയില്ല.

നിപ മനുഷ്യനിലെത്തിയതെങ്ങനെ.

കോഴിക്കോട്:ഒരുവർഷത്തിനുശേഷം നിപ വീണ്ടുമെത്തുമ്പോഴും വൈറസ് എങ്ങനെ മനുഷ്യനിലേക്കെത്തിയെന്നതിൽ വ്യക്തതയില്ല. പഴംതീനി വവ്വാലുകളാണ് വൈറസ് വാഹകരെന്ന് ഉറപ്പാണെങ്കിലും പേരാമ്പ്ര സൂപ്പിക്കടയിൽ രോഗം സ്ഥിരീകരിച്ചവരിലേക്ക് ഇതെങ്ങനെ പകർന്നു എന്ന അന്വേഷണമാണ് എവിടെയുമെത്താത്തത്.


പഴംതിന്നുന്ന ഇനത്തിലുള്ള 55 വവ്വാലുകളെയാണ് ഈ പ്രദേശത്തുനിന്ന് പിടികൂടി പരിശോധിച്ചത്. ഇതിൽ അഞ്ചു വവ്വാലുകളെയാണ് ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ പരിശോധിച്ചത്. അവയിലൊന്നിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാൽ, ബാക്കി 50 വവ്വാലുകളെ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിച്ചപ്പോൾ 11 എണ്ണത്തിൽ വൈറസ് ഉണ്ടെന്നു വ്യക്തമായി. അതായത് 22 ശതമാനം.


ഇത്രയും കൂടിയ അളവിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനാലാണ് ഡിസംബർ മുതൽ ജൂൺ വരെയുള്ള സമയപരിധിയിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്. നവംബറിലാണ് നിർദേശമുണ്ടായത്. വവ്വാൽസ്പർശമുള്ള പഴങ്ങൾ കഴിക്കാതിരിക്കുന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങളാണ് നൽകിയിരുന്നത്. വവ്വാലുകളുടെ പ്രജനനകാലത്ത് വൈറസുകൾ പകരാൻ സാധ്യത കൂടുതലുള്ളതു പരിഗണിച്ചാണ് ഈ സമയപരിധി നിശ്ചയിച്ചത്.


വവ്വാലുകളിൽ അതിവേഗം പടർന്നു പിടിക്കുന്ന ഈ വൈറസ് അവയുമായുള്ള ഇടപെടലിലൂടെയാണ് മനുഷ്യരിലെത്തുന്നത്. ഇത്തരത്തിൽ ഇടപെടാനുള്ള സാധ്യതകൾ പരമാവധി കുറയ്ക്കുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗം. കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധ എങ്ങനെയുണ്ടായി എന്നതിന്റെ വേരുകളിലേക്കുള്ള അന്വേഷണം നടത്തുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയാണ്.

Don't Miss
© all rights reserved and made with by pkv24live