Peruvayal News

Peruvayal News

കേരള തീരത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള തീരത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം



തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും ഒരാഴ്ച വൈകി കാലവർഷം ശനിയാഴ്ച കേരളത്തിലെത്തിയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. മൺസൂൺ ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹോപാത്ര അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.


മൺസൂണിന് തൊട്ടുമുമ്പ് കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വേനൽ മഴ ലഭിച്ചിരുന്നെങ്കിലും 65 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും ശുഷ്കമായ മഴയാണ് രേഖപ്പെടുത്തിയതെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചനകേന്ദ്രമായ സ്കൈമെറ്റ് പറഞ്ഞു.


വേനൽമഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവ് ജലസംഭരണികളിലെ വെള്ളത്തിന്റെ അളവിനേയും രാജ്യത്തിന്റെ പലഭാഗത്തും കാർഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഏകദേശം നാല് മാസം രാജ്യത്തുടനീളം മൺസൂൺ നീണ്ടുനിൽക്കും.


ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 9, 10, 11 തീയതികളിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ്, മാലദ്വീപ് ഭാഗങ്ങളിലും തെക്കുകിഴക്കൻ അറബിക്കടലിലും മാന്നാർ കടലിടുക്കിലും ഈ ദിവസങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്.


അറബിക്കടലിൽ മധ്യപടിഞ്ഞാറൻ ഭാഗത്തായി ഞായറാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദവും തെക്കുപടിഞ്ഞാറൻ മൺസൂണിന് അനുകൂലമാണ്. കേരള-കർണാടക തീരക്കടലിൽ തീരത്തുനിന്നകന്ന് വടക്കു പടിഞ്ഞാറൻ ദിശയിൽ ന്യൂനമർദം നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതു വടക്കൻ സംസ്ഥാനങ്ങളിലേക്കു കാലവർഷത്തെ നയിക്കുമെന്നാണ് കരുതുന്നത്.


നാലു ജില്ലകളിൽ റെഡ് അലർട്ട്


തിങ്കളാഴ്ച തൃശ്ശൂർ ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴ പ്രതീക്ഷിക്കുന്നു. ജാഗ്രത പാലിക്കാനും ക്യാമ്പുകൾ തയ്യാറാക്കുന്നതുൾപ്പെടെ മുന്നൊരുക്കം നടത്താനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.


ഓറഞ്ച് അലർട്ട്


ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.


യെല്ലോ അലർട്ട്


ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച വയനാട് ജില്ലയിലും നേരത്തേതന്നെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Don't Miss
© all rights reserved and made with by pkv24live