യുവേഫ നേഷന്‍സ് ലീഗ്; പോര്‍ച്ചുഗല്‍-നെതര്‍ലാന്‍ഡ് ഫൈനൽ
പോർട്ടോ: യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗൽ-നെതർലാൻഡ് പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ സ്വിറ്റ്സർലാൻഡിനെ തോൽപ്പിച്ചാണ് പോർച്ചുഗലിന്റെ മുന്നേറ്റം. ഒന്നിനെതിരേ മൂന്നു ഗോളിന് പോർച്ചുഗൽ വിജയം കണ്ടു. സമനിലയിലായിരുന്ന മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോയുടെ രണ്ടു ഗോളുകൾ വന്നത്. 25, 88, 90 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്. കരിയറിലെ 53-ാം ഹാട്രിക്കാണിത്. സ്വിസ് ടീമിനായി റിക്കാർഡോ റോഡ്രിഗസ് (57) പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കി. തകർപ്പൻ ഫ്രീകിക്കിലൂടെയാണ് ക്രിസ്റ്റ്യാനോ അക്കൗണ്ട് തുറന്നത്. എന്നാൽ, വാർ വഴി ലഭിച്ച പെനാൽറ്റിയിലൂടെ സ്വിറ്റ്സർലാൻഡ് സമനിലപിടിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന ഘട്ടത്തിലാണ് തുടരെ രണ്ടുതവണ ക്രിസ്റ്റ്യാനോ ലക്ഷ്യംകണ്ടത്. ഇംഗ്ലണ്ടിനെ 3-1ന് തോൽപ്പിച്ചതായിരുന്നു നെതർലാൻഡിന്റെ മുന്നേറ്റം. നിശ്ചിത സമയത്ത് ഓരോ ഗോളുമായി മത്സരം സമനില ആയതോടെ എക്സ്ട്രാ ടൈമിലാണ് വിജയിയെ തീരുമാനിക്കപ്പെട്ടത്. 32-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോഡിന്റെ പെനാൽറ്റിയിൽ ഇംഗ്ലണ്ട് മുന്നിലെത്തി. 73-ാം മിനിറ്റിൽ ഡി ലൈറ്റിലൂടെ നെതർലാൻഡ് ഒപ്പമെത്തി. പിന്നീട് എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന്റെ പിഴവിൽ നെതർലാൻഡ് ലീഡെടുക്കുകയായിരുന്നു. 97-ാം മിനിറ്റിൽ കെയ്ൽ വാക്കറുടെ സെൽഫ് ഗോളിൽ നെതർലാൻഡ് 2-1ന് മുന്നിലെത്തി. 114-ാം മിനിറ്റിൽ ക്യുൻസി പ്രോമെസും ലക്ഷ്യം കണ്ടു.