വിദ്യാര്‍ഥികള്‍ക്ക് ഇനി വരി വേണ്ട, പഠിക്കാന്‍ ബസില്‍ ഇരുന്നും പോകാം
തൃശ്ശൂർ: വിദ്യാർഥികളെ വരിയിൽ നിർത്താതെ, സീറ്റ് നിഷേധിക്കാതെ യാത്രാസൗകര്യമൊരുക്കാൻ ജില്ലാതല സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണിത്. പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കും സ്വാശ്രയ കോഴ്സിന് പഠിക്കുന്നവരൊഴികെ റെഗുലർ കോളേജ് വിദ്യാർഥികൾക്കും പ്രിൻസിപ്പൽ നൽകുന്ന കാർഡ് ഉപയോഗിച്ച് യാത്രചെയ്യാം. സഞ്ചരിക്കേണ്ട സ്ഥലം കാർഡിൽ രേഖപ്പെടുത്തണം. മറ്റുള്ളവർക്ക് പുതിയ കൺസഷൻ കാർഡ് വിതരണം ജൂലായ് ഒന്നിന് തുടങ്ങി 15-നകം പൂർത്തിയാക്കും. കൺസഷൻ കാർഡ് വിതരണത്തിലെ അപാകങ്ങൾ ഒഴിവാക്കുന്നതിനായി പാരലൽ കോളേജുകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ വിശദാംശങ്ങളടങ്ങിയ അപേക്ഷ ജൂൺ 30-ന് മുമ്പായി ആർ.ടി. ഓഫീസിലും താലൂക്ക്തല സബ് ആർ.ടി. ഓഫീസിലും സമർപ്പിക്കണം. അപേക്ഷകൾ വിശദമായി പരിശോധിച്ചശേഷം മാത്രമേ കൺസഷൻ കാർഡ് വിതരണം ചെയ്യൂ. വെബ് അധിഷ്ഠിത സർവീസ് ഉപയോഗപ്പെടുത്തി സുതാര്യമായ കൺസഷൻ കാർഡ് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് കൺസഷൻ സമയം. വൈകീട്ട് ഏഴുവരെ കൺസഷൻ ലഭിക്കേണ്ടവർ അനുബന്ധരേഖകൾ ഹാജരാക്കുന്നമുറയ്ക്ക് കൺസഷൻ നൽകും. സ്കൂൾ പ്രതിനിധികളും പി.ടി.എ. അംഗങ്ങളും പോലീസ് അധികാരികളും അടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു. കുട്ടികൾ കൂട്ടമായി നിൽക്കാതെ യഥാക്രമം ബസിൽ കയറ്റിവിടാനുള്ള നടപടി ഈ കമ്മിറ്റി സ്വീകരിക്കണം. സ്കൂളുകളും കോളേജുകളും ക്ലാസ് ആരംഭിക്കുന്ന സമയങ്ങളിൽ രാവിലെ എട്ടുമുതൽ 10 വരെയും അവസാനിക്കുന്ന സമയങ്ങളിൽ വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെയും പ്രധാനപ്പെട്ട ബസ്സ്റ്റോപ്പുകളിലും ബസ്സ്റ്റാൻഡുകളിലും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സാന്നിധ്യവും നിരീക്ഷണവും ഉണ്ടാവും. സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനങ്ങൾ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. ജൂലായ് രണ്ടാം വാരം യോഗം ചേർന്ന് കമ്മിറ്റി തീരുമാനങ്ങൾ വിലയിരുത്തും. യോഗത്തിൽ എ.ഡി.എം. റെജി പി. ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ആർ.ടി.ഒ. ബി. ശ്രീപ്രകാശ്, പോലീസ്, കെ.എസ്.ആർ.ടി.സി. പ്രതിനിധി, ബസ്സുടമസ്ഥ സംഘം പ്രതിനിധി, വിദ്യാർഥി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.