ലഹരി ഉപയോഗം തടയാന്‍ എക്സൈസ് സ്കൂളിലേക്ക്; നാളെ തുടക്കം
പാലക്കാട്: വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തിനു തടയിടാനുള്ള പ്രവര്‍ത്തനങ്ങളുമായി എക്സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ സ്കൂളിലും ഓരോ ഉദ്യോഗസ്ഥനെ വീതം ചുമതലപ്പെടുത്താനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 'വണ്‍ ഓഫീസര്‍, വണ്‍ സ്കൂള്‍' എന്നാണു പദ്ധതിയുടെ പേര്. നാളെ തുടക്കമാകും.
സംസ്ഥാന എക്സൈസ് കമ്മീഷണര്‍ മുതല്‍ സിവില്‍ എക്സൈസ് ഓഫീസര്‍ വരെയുള്ള അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍ക്ക് ഓരോ സ്കൂളിന്റെ ചുമതല ഉണ്ടായിരിക്കും. സ്കൂള്‍ പരിസരത്തെ ലഹരി വസ്തുക്കളുടെ സംഭരണം, വില്‍പന, ഉപഭോഗം എന്നിവ തടയുന്നതിനും വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ബോധവത്കരണ പ്രവര്‍ത്തനം നടത്തുന്നതിനും ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കണം.
സ്കൂള്‍ പരിസരം പരിശോധിച്ച്, സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്‍പന ഇല്ലെന്ന് ഉറപ്പാക്കണം. ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ എക്സൈസ് കമ്മീഷണര്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു വിലയിരുത്തല്‍ നടത്തും.
