വാവേ ഫോണുകളിലെ പുതിയ ഓഎസ് അമേരിക്കയ്ക്ക് ഭീഷണിയാവുമെന്ന് ഗൂഗിൾ
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേയുടെ സ്മാര്‍ട്‌ഫോണുകളില്‍ ആന്‍ഡ്രോയിഡ് സേവനം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഗൂഗിള്‍. അമേരിക്കയുടെ രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഗൂഗിള്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരോധനത്തെ തുടര്‍ന്ന് വാവേ ആന്‍ഡ്രോയിഡിന്റെ ഒരു സങ്കരരൂപം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും അതുവഴി ഹാക്കിങ് ഭീഷണി വര്‍ധിപ്പിക്കുമെന്നും അങ്ങനെ വന്നാല്‍ ചൈനയില്‍ നിന്നുള്ള ഭീഷണി മാത്രമായിരിക്കില്ലെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു.
വാവേ ടെക്‌നോളജീസിനേയും അനുബന്ധസ്ഥാപനങ്ങളേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ നടപടിയെ തുടര്‍ന്ന് ഗൂഗിള്‍ ഉള്‍പ്പടെയുള്ള ഏല്ലാ അമേരിക്കന്‍ കമ്പനികളും വാവേയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ വാവേ ഫോണുകളില്‍ ആന്‍ഡ്രോയിഡിന്റെ സുരക്ഷ അപ്‌ഡേറ്റുകളും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളും ഗൂഗിളിന് നല്‍കാനാവില്ല. ഇപ്പോള്‍ ഒരു താല്‍കാലിക ലൈസന്‍സിന് മേലാണ് വാവേ ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് ഉപയോഗിക്കാന്‍ കഴിയുന്നത്.
ആന്‍ഡ്രോയിഡില്‍ നിന്നും വേര്‍പെടുത്തി നിര്‍മിക്കുന്ന ഓഎസ് ലോകത്ത് എവിടെ അവതരിപ്പിച്ചാലും അത് അമേരിക്കന്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ആണ് എന്ന് ഗൂഗിള്‍ പറയുന്നു.
ഗൂഗിളിന്റെ സേവനങ്ങള്‍ ലഭ്യമല്ലാത്ത ഒരു ആന്‍ഡ്രോയിഡ് പതിപ്പ് നിര്‍മിക്കാനാണ് വാവേയുടെ നീക്കം. ആര്‍ക് എന്ന പേരില്‍ നിലവിലുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് വാവേ. ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍. പ്ലേ സ്റ്റോറിന് പകരം മറ്റ് ആപ്പ് സ്റ്റോറുകളുടെ പിന്തുണ തേടാനും വാവേ പദ്ധതിയിടുന്നുണ്ട്.
ആന്‍ഡ്രോയിഡ് സേവനങ്ങള്‍ക്കും ആപ്പുകള്‍ക്കും ഗൂഗിള്‍ നല്‍കിവരുന്ന ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് സംവിധാനം വാവേയുടെ സ്മാര്‍ട്‌ഫോണ്‍ ഓഎസിന് ഉണ്ടാവില്ല. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ലഭ്യമായ ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് ഗൂഗിള്‍ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഉപയോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഗൂഗിള്‍ പ്ലേ സ്റ്റോറിനെ തന്നെയാണ് ആശ്രയിക്കാറ്.
ഈ ഓഎസ് ഉള്‍പ്പെടുന്ന ഓപ്പറേറ്റിങ് സിസ്റ്റം വാവേ വിറ്റഴിച്ചാല്‍ അത് ഹാക്കിങ് ഭീഷണി വര്‍ധിപ്പിക്കും. അങ്ങനെ ഉള്ള ഉപകരണങ്ങളിലേക്ക് തന്ത്രപ്രധാനമായ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ആരെങ്കിലും കൈമാറിയാല്‍ അവയുടെ സുരക്ഷ അപകടത്തിലാവും. സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ആരും ആ സന്ദേശം ലഭിക്കുന്ന ആള്‍ ഉപയോഗിക്കുന്ന ഉപകരണത്തെ കുറിച്ച് ഓര്‍ക്കാറില്ല. അത് അമേരിക്കയ്ക്ക് ഭീഷണിയാണ് എന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
നിരോധനങ്ങളെ ചെറുക്കാന്‍ സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റവും, പ്രൊസസര്‍ ചിപ്പുകളും നിര്‍മിക്കുന്നതുള്‍പ്പടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം അമേരിക്കയുമായുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളും വാവേ നടത്തുന്നുണ്ട്.
വാവേയ്ക്ക് ലഭിച്ച താത്കാലിക ലൈസന്‍സ് അനുസരിച്ച് ഓഗസ്റ്റ് 19 വരെ മാത്രമേ ഗൂഗിളില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് പിന്തുണ വാവേ ഉപകരണങ്ങള്‍ക്ക് ലഭ്യമാവുകയുള്ളൂ.