സോഷ്യല്‍ മീഡിയയും ഫോണുമില്ല, ദിവസം എട്ട് മണിക്കൂര്‍ പഠനം; ഫലം നീറ്റില്‍ ഒന്നാംറാങ്ക്
രാജസ്ഥാനിലെ സികർ ജില്ലയിൽനിന്നുള്ള നളിൻ ഖണ്ഡേവാളാണ് ഇത്തവണത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റിൽ (നീറ്റ്) ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. കണിശതയാർന്ന പരിശീലനം ഒന്നുകൊണ്ടുമാത്രമാണ് താൻ ഒന്നാം റാങ്ക് എത്തിപ്പിടിച്ചതെന്ന് നളിൻ പറയുന്നു.
രണ്ടു വർഷം മുമ്പ് പഠനത്തിനായി ജയ്പൂരിലെത്തിയ നളിൻ മാസങ്ങൾക്ക് മുമ്പ് തന്നെ നീറ്റ് പരീക്ഷയ്ക്ക് പരിശീലനം ആരംഭിച്ചിരുന്നു. ദിവസം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ പഠനത്തിനായി മാറ്റിവെച്ചു. പരിശീലന കാലയളവിൽ സാമൂഹ്യമാധ്യമങ്ങളും സ്മാർട്ട് ഫോണും മാറ്റിനിർത്തുകയും ചെയ്തു.
ഡോക്ടർമാരായ മാതാപിതാക്കളിൽനിന്നും എംബിബിഎസ് കോഴ്സ് ചെയ്യുന്ന സഹോദരനിൽനിന്നും പരിശീലനത്തിന് വലിയ പിന്തുണ കിട്ടിയിരുന്നുവെന്ന് നളിൻ പറയുന്നു. ഇത് പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ സഹായിച്ചു. 720-ൽ 701 മാർക്ക് നേടിയാണ് നളിൻ ഒന്നാമതെത്തിയത്.
സ്മാർട്ട്ഫോണിലും സാമൂഹ്യ മാധ്യമങ്ങളിലും സമയം പാഴാക്കുന്ന പുതുതലമുറയിലെ വിദ്യാർഥികൾക്ക് മാതൃകാവുന്ന പഠനരീതിയാണ് നളിൻ സ്വീകരിച്ചത്. ഗെയിമിങ്ങിനും വെർച്വൽ വേൾഡിനും പുറത്തുകടന്നാൽ മാത്രമേ യഥാർഥ വിജയം കണ്ടെത്താനാകൂ എന്ന് നളിൻ ഓർമിപ്പിക്കുന്നു.
കഴിഞ്ഞ ദിവസമാണ് നീറ്റ് പരീക്ഷാഫലം പുറത്തുവിട്ടത്. പരീക്ഷയെഴുതിയ 14,10,755-ൽ 7,97,042 വിദ്യാർഥികൾ യോഗ്യത നേടി. കേരളത്തിൽനിന്ന് പരീക്ഷയെഴുതിയ 66.59 ശതമാനം പേർക്കും യോഗ്യത നേടാനായി.