ആഴ്ചയില്‍ അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യ ശരീരത്തിനുള്ളിലെത്തുന്നുണ്ടെന്ന് റിപ്പോർട്ട്
പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു പഠനത്തിന്റെ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം അഥവാ ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടാക്കാൻ സാധിക്കുന്നത്ര അളവിൽ പ്ലാസ്റ്റിക് മനുഷ്യരുടെ ഉള്ളിൽച്ചെല്ലുന്നുണ്ടെന്നാണ് ഓസ്ട്രേലിയയിലെ ന്യൂ കാസ്റ്റിൽ സർവകലാശാല നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ഡബ്ല്യൂഡബ്ല്യൂ എഫ് ഇന്റർനാഷണലിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള റിപ്പോർട്ടാണ് പുറത്തെത്തിയിരിക്കുന്നത്.
കുടിവെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക്കിന്റെ അംശം പ്രധാനമായും മനുഷ്യരുടെ ഉള്ളിലെത്തുന്നത്. മറ്റൊരു കാരണം ഷെൽഫിഷ് ഇനത്തിൽപ്പെട്ട ജലജീവികളെ ഭക്ഷണമാക്കുന്നതാണ്. ഇത്തരം ജീവികളെ മുഴുവനായും ഭക്ഷിക്കുമ്പോൾ അവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ എത്തിപ്പെട്ട പ്ലാസ്റ്റിക്കിന്റെ അംശം മനുഷ്യരുടെ ഉള്ളിലേക്കും എത്തും.
ശരാശരി 1769 പ്ലാസ്റ്റിക് തരികളാണ് ഒരാഴ്ച കുടിവെള്ളത്തിലൂടെ മനുഷന്റെ ഉള്ളിലെത്തുന്നത്- റിപ്പോർട്ട് പറയുന്നു. 52 പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തോത് പ്രദേശങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും. എന്നാൽ ഒരിടവും പ്ലാസ്റ്റിക് മലിനീകരണത്തിൽനിന്ന് മുക്തമല്ല.
അമേരിക്കയിൽ 94.4 ശതമാനം ടാപ്പിൽനിന്നുള്ള വെള്ളത്തിലും പ്ലാസ്റ്റിക് ഫൈബറുകൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതായത് ഒരു ലിറ്ററിന് ശരാശരി 9.4 ഫൈബറുകൾ. യൂറോപ്പിലെ ജലസ്രോതസ്സുകളിൽ മലിനീകരണത്തിന്റെ തോത് കുറവാണ്.വെളളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചതിൽ 72.2 ശതമാനത്തിൽ മാത്രമേ പ്ലാസ്റ്റിക് ഫൈബറുകൾ കണ്ടെത്തിയിട്ടുള്ളു. അതായത് ഓരോ ലിറ്ററിലും 3.8 പ്ലാസ്റ്റിക് ഫൈബറുകളാണ് ഉണ്ടാവുക.
