നിപ; വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടു, നിരീക്ഷണത്തിലുണ്ടായിരുന്ന നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തു
കൊച്ചി: പനി ലക്ഷണങ്ങളോടെ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നാല് പേരെ ഡിസ്ചാർജ് ചെയ്തതായി ആരോഗ്യമന്ത്രി കെകെ ശൈലജ. നിലവിൽ ഏഴ് പേരാണ് രോഗലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കൽ കേളേജിൽ നിരീക്ഷണത്തിലുള്ളത്. നിപയുടെ വലിയ ആശങ്കയൊഴിഞ്ഞങ്കെിലും പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ചികിത്സയിലുള്ള നിപ രോഗിയുടെ നില മെച്ചപ്പെട്ടന്നും വിദ്യാർഥി അമ്മയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പൂനെ വൈറോളജി ലാബിൽ നിന്നുള്ള വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ വിദ്യാർഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ മൂത്രത്തിൽ വൈറസിന്റെ സാന്നിധ്യം ഉണ്ട്. വൈറസ് ബാധ തലച്ചോറിനെ നേരിയ രീതിയിൽ ബാധിച്ചിട്ടുണ്ടെങ്കിലും ഇത് പരിഹരിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. രോഗിയുടെ നിലവിലെ ആരോഗ്യനിലഔദ്യോഗികമായി സ്ഥിരീകരിക്കാൻ രണ്ടാം ഘട്ട രക്ത സാമ്പിളും പൂനെയിലേക്ക് അയച്ചിട്ടുണ്ട്. ആകെ 327 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇതിൽ 52 പേരാണ് ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളത്. അതേസമയം നനിപ വൈറസിന്റെ ഉറവിടംതേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി എറണാകുളത്തും തൊടുപുഴയിലുമായി 12 ഇടങ്ങളിൽനിന്ന് വവ്വാലുകളെ പിടികൂടും. നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ വീടായ വടക്കൻ പറവൂരിൽ എട്ടുസ്ഥലങ്ങളാണ് വവ്വാലുകളെ പിടിക്കുന്നതിനായി കണ്ടെത്തിയത്. പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള മൂന്നംഗസംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. നിലവിൽ വവ്വാലുകളുടെ കാഷ്ഠവും മൂത്രവുമെല്ലാം പലയിടത്തുനിന്നായി ശേഖരിച്ചിട്ടുണ്ട്. വൈറസിന്റെ സാന്നിധ്യമുണ്ടെങ്കിൽ അത് മൂത്രത്തിൽ പ്രകടമായിരിക്കും. വവ്വാലുകളെ പിടികൂടുന്നതിനും നിരീക്ഷണത്തിനുമെല്ലാം കൃത്യമായ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ മുന്നേറുന്നത്.പത്ത് ദിവസത്തിനുള്ളിൽ ഉറവിടം സംബന്ധിച്ച വിവരം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം പറഞ്ഞു.