1, 2, 5, 10 , 20 രൂപ നാണയങ്ങള്‍ ഉടൻ പുറത്തിറങ്ങും- നിർമ്മല സീതാരാമൻ
പുതിയ നാണയങ്ങൾ ഉടനെ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. തന്റെ ആദ്യത്തെ ബജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. അന്ധരായവർക്ക് എളുപ്പം തിരിച്ചറിയുന്ന രീതിയിലാണ് നാണയങ്ങൾ രൂപകൽപന ചെയ്തത്.
കഴിഞ്ഞ മാർച്ച് ഏഴിന് പുതിയ 1, 2, 5, 10 , 20 രൂപ നാണയങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു വിട്ടിരുന്നു. എന്നാൽ ഇതുവരെയും ഇവ വിനിമയത്തിന് എത്തിയിരുന്നില്ല. എന്നാൽ നാണയങ്ങൾ ഉടൻ തന്നെ ജനങ്ങൾക്ക് ലഭ്യമാക്കും എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചത്.
ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്റെ രൂപം. മറ്റു നാണയങ്ങളെല്ലാം വൃത്താകൃതിയിലാണ്. 27 മില്ലിമീറ്റർ വ്യാസത്തിലുള്ള 20 രൂപ നാണയത്തിന് 8.54 ഗ്രാമാണ് ഭാരം.
ദേശീയ ഡിസൈൻ കേന്ദ്രം (എൻ.ഐ.ഡി.), സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവയാണ് നാണയങ്ങൾ രൂപകൽപ്പന ചെയ്തത്. ചെറിയ തുകയിൽനിന്ന് വലുതിലേക്ക് പോകുമ്പോൾ വലിപ്പവും ഭാരവും കൂടുതലാണ് പുതിയ നാണയങ്ങൾക്ക്. അന്ധർക്ക് എളപ്പം മനസ്സിലാക്കാനാണ് മൂല്യം കൂടുന്തോറും ഭാരവും വലിപ്പവും കൂട്ടുന്ന പുതിയ രീതി അവലംബിച്ചത്.

