സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും-മന്ത്രി എംഎം മണി
തൊടുപുഴ: സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം.എം. മണി. പ്രതിസന്ധി രൂക്ഷമാണെന്നും നിലവിലെ അവസ്ഥയിൽ അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വൈദ്യുതിക്ഷാമം പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. എന്നാൽ, നിലവിലെ പ്രതിസന്ധി രൂക്ഷമായതിനാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും- മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ജൂലായ് 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രനിലയങ്ങളിൽനിന്നും വൈദ്യുതി ലഭിക്കുന്നതിന് തടസം നേരിട്ടാൽ മാത്രമേ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാവുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ജൂലായ് 15-ന് യോഗം ചേർന്ന് ഇക്കാര്യം വീണ്ടും പരിശോധിക്കുമെന്നും കെ.എസ്.ഇ.ബി. ചെയർമാൻ വ്യക്തമാക്കിയിരുന്നു.

