Peruvayal News

Peruvayal News

ഹെൽമറ്റ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇവ ശ്രദ്ധിക്കാം

ഹെൽമറ്റ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇവ ശ്രദ്ധിക്കാം


ഇരുചക്ര വാഹനാപകടങ്ങളിൽ 80 ശതമാനം പേർക്കും പരുക്കേൽക്കുന്നത് തലയ്ക്കും മുഖത്തിനും കഴുത്തിനുമാണെന്നു പഠനം തെളിയിക്കുന്നു. ഇതു 40 മുതൽ 60 ശതമാനം വരെ മരണത്തിനു കാരണമാകും.അല്ലെങ്കിൽ ഗുരുതര പരുക്കുകൾക്കു വഴിവയ്ക്കും. ഹെൽമറ്റ് ധരിക്കുന്നതിലൂടെ 80 ശതമാനംവരെ ഗുരുതര പരുക്ക് കുറയ്ക്കാനാകുമെന്നു വിദഗ്ധർ അവകാശപ്പെടുന്നു. 

ഹെൽമറ്റ്  വാങ്ങുമ്പോൾ ശ്രദ്ധിക്കാം

∙ ഗുണനിലവാര മുദ്രയായ ഐഎസ്ഐഎസ് 4151 സ്റ്റാൻഡേർഡ് റേറ്റുള്ള ഹെൽമാറ്റ് വാങ്ങുക. ഹെൽമറ്റിനു പിന്നിലെ ടാഗിൽ നിന്ന് ഇതു മനസ്സിലാക്കാം

∙ തലയും മുഖവും പൂർ‌ണമായും മറയ്ക്കുന്ന ഹെൽമറ്റ് തിരഞ്ഞെടുക്കണം. താടി ഭാഗം ആവരണം ചെയ്യാത്ത ഹെൽമറ്റ് ഗുരുതര പരുക്ക് സാധ്യത വർധിപ്പിക്കുന്നു. 

∙ വായു പ്രതിരോധം കുറയ്ക്കാനും ഉള്ളിലെ വായു സഞ്ചാരം ക്രമീകരിക്കാനും സംവിധാനമുള്ളവ വാങ്ങുക

∙ ഇളം നിറമുള്ള ഹെൽമറ്റ് ആണു നല്ലതെന്നു മോട്ടർ വാഹന വകുപ്പ്. മഴ, മൂടിക്കെട്ടിയുള്ള അന്തരീക്ഷം എന്നിവയുള്ളപ്പോൾ മറ്റു വാഹന യാത്ര ക്കാർക്കു പെട്ടെന്ന് കാണാൻ ഇതു സഹായിക്കും. 

∙ തലയുടെ വലുപ്പത്തിന് അനുസരിച്ചുള്ള ഹെൽമറ്റ് തിരഞ്ഞെടുക്കണം. അയഞ്ഞിരിക്കുന്നവ അപകടമുണ്ടായാൽ ഊരിത്തെറിച്ചു പോകാൻ സാധ്യതയുണ്ട്.

∙ 3 വർഷമാണ് ഹെൽമറ്റിന്റെ ആയുസ്സ്. അതിനുള്ളിൽ മാറ്റി വാങ്ങണം.

ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം 

∙ ഹെൽമറ്റിന്റെ സ്ട്രാപ് ഇട്ടശേഷം മാത്രം വാഹനമോടിക്കുക. അല്ലെങ്കിൽ അപകടമുണ്ടായാൽ ഹെൽമറ്റ് ഊരിത്തെറിച്ചു പോകും

∙ അപകടമുണ്ടായോ മറ്റോ ഒരു തവണ കാര്യമായി ക്ഷതമേറ്റ ഹെൽമറ്റ് വീണ്ടും ഉപയോഗിക്കരുത്. പുറമെ പൊട്ടലില്ലെങ്കിലും അകത്തെ പ്രതിരോധ സംവിധാനങ്ങൾക്കു പ്രവർത്തന ക്ഷമത കുറഞ്ഞിരിക്കാം. 

∙ ഹെൽമറ്റ് പലരും മാറി മാറി ഉപയോഗിച്ചാൽ തലയുടെ വലുപ്പ വ്യത്യാസത്തിനനുസരിച്ച് ഹെൽമറ്റ് വികസിക്കുകയും സംരക്ഷണ സംവിധാനം വേഗത്തിൽ ഊരിപ്പോകുന്ന അവസ്ഥയിലാകുകയും ചെയ്യും.

2 സംരക്ഷണ കവചങ്ങൾ, വായു നിയന്ത്രണ വാൽവ്, മുഖാവരണം, താടി ആവരണം, സ്ട്രാപ് എന്നിവ ഉൾപ്പെടുന്നതാണ് ഹെൽമറ്റ്. 60 മുതൽ 80  കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനത്തിൽ നിന്നു തെറിച്ചു വീണാൽ ഹെൽമറ്റിലെ 2 സംരക്ഷണ കവചങ്ങളും പൊട്ടാൻ സാധ്യത. വേഗം 40 മുതൽ 50 വരെയാണെങ്കിൽ ആദ്യ സംരക്ഷണകവചം മാത്രം പൊട്ടും. ഇതിൽ താഴെയാണു വേഗമെങ്കിൽ ഹെൽമറ്റിനു പോറലേൽക്കും. എന്നാൽ വേഗം 80 കിലോമീറ്ററിനു മുകളിലാണെങ്കിൽ തലയ്ക്കു ഗുരുതര പരുക്കേൽക്കാൻ സാധ്യതയേറെ.
Don't Miss
© all rights reserved and made with by pkv24live