വൈദ്യുതിച്ചെലവ് പിടിച്ചുനിര്‍ത്താന്‍
വാട്ടര്‍ അതോറിറ്റിയില്‍ ആദ്യ സൗരോര്‍ജ നിലയം
തിരുവനന്തപുരം: വൈദ്യുതിച്ചെലവു കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച ആദ്യ സൗരോര്‍ജ നിലയം വെള്ളയമ്പലം ജലഭവന്‍ കേന്ദ്രകാര്യാലയത്തില്‍ ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വാട്ടര്‍ അതോറിറ്റിയുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന നൂതനാശയങ്ങളെ സര്‍ക്കാര്‍ പരമാവധി സഹായിക്കുമെന്ന് സൗരോര്‍ജനിലയം ഉദ്ഘാടനം ചെയ്തുകൊണ്‍് മന്ത്രി പറഞ്ഞു. സൗരോര്‍ജത്തില്‍നിന്നു മാത്രമല്ല, കാറ്റില്‍നിന്നുകൂടി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് നഷ്ടത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റിയുടെയും ജലസേചന വകുപ്പിന്‍റെയും സ്ഥലം ഈ ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ മെംബര്‍ ടി. രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. ചീഫ് എന്‍ജിനീയര്‍മാരായ എസ്. ലീനാകുമാരി, എം. ശ്രീകുമാര്‍, പിഎച്ച് ഡിവിഷന്‍ സൗത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനിത പുതിയപുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
നിലവില്‍ 23 കോടി രൂപയാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രതിമാസ വൈദ്യുതച്ചെലവ്. 25 കിലോവാട്ടിന്‍റെ ശൃംഖലാബന്ധിത സൗരോര്‍ജനിലയമാണ് കേന്ദ്രകാര്യാലയത്തില്‍ സ്ഥാപിച്ചത്. ഇതിനു പുറമെ തിരുമലയില്‍ ഭൂതല സംഭരണിയുടെ വാട്ടര്‍ടാങ്കിനു മുകളില്‍ 100 കിലോ വാട്ടിന്‍റെയും ഒബ്സര്‍വേറ്ററി ഭൂതല സംഭരണിയുടെ വാട്ടര്‍ ടാങ്കിനു മുകളില്‍ 60 കിലോവാട്ടിന്‍റെയും ആറ്റുകാലില്‍ 100 കിലോവാട്ടിന്‍റെയും സൗരോര്‍ജനിലയങ്ങള്‍ സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്. ഇവ പൂര്‍ത്തിയാകുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് 285 കിലോവാട്ട് ശേഷിയില്‍ വൈദ്യുതോല്‍പ്പാദനം നടത്താനാകും. അനെര്‍ട്ടാണ് പദ്ധതിനിര്‍വഹണം നടത്തുന്നത്. സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് 283 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

