റീജിയണല്‍ റൂറല്‍ ബാങ്ക് പരീക്ഷകള്‍ ഇനിമുതല്‍ മലയാളത്തിലും
ഗ്രാമീൺ ബാങ്ക് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് മലയാളത്തിലും പരീക്ഷയെഴുതാനുള്ള അവസരം വരുന്നു. റീജിയണൽ റൂറൽ ബാങ്കുകളിലെ സ്കെയിൽ-I ഓഫീസർ തസ്തികകളിലേക്കും ഓഫീസ് അസിസിറ്റന്റ് തസ്തികകളിലേക്കുമുള്ള പരീക്ഷകൾ ഇനിമുതൽ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലും നടത്തും.
അസമീസ്, ബംഗ്ലാ, ഗുജറാത്തി, കന്നട, കൊങ്കണി, മലയാളം, മണിപ്പൂരി, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു എന്നിവയാണ് ബാങ്ക് പരീക്ഷകൾക്ക് പുതുതായി പരിഗണിക്കുന്ന ഭാഷകൾ. ഈ വർഷത്തെ പരീക്ഷയിൽ തന്നെ ഇത് നടപ്പാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റൂറൽ ബാങ്കുകളിൽ പ്രാദേശിക ഭാഷയിൽ പ്രാവണ്യമുള്ളവർ പ്രവർത്തിക്കുന്നത് ഗുണകരമാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ 45 റൂറൽ ബാങ്കുകളാണ് രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്നത്. 90,000ത്തോളം ഉദ്യോഗസ്ഥരാണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്.

