വെള്ളപ്പൊക്കത്തിൽ ഒരു തുണ്ട് ഭൂമി തേടി കാസിരംഗയിലെ കടുവകളും കാണ്ടാമൃഗങ്ങളും
അസ്സമിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കാസിരംഗ ദേശീയ ഉദ്യാനത്തിലെ കടുവ രക്ഷപ്പെട്ട് ഒരു വീട്ടിൽ അഭയം തേടിയത് വാർത്തയായിരുന്നു. വെള്ളം കയറാത്ത തുണ്ട് ഭൂമിക്കായി അലയുന്ന കടുവയുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ചർച്ചയാവുന്നത് വെള്ളത്തിൽ കുടുങ്ങിയ കാണ്ടാമൃഗങ്ങളാണ്. ഇതിൽ വെള്ളത്തിൽ അകപ്പെട്ട കാണ്ടാമൃഗ കുഞ്ഞിനെ കാസിരംഗ പാർക്കിലെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്ന വീഡിയോ വലിയ രീതിയിലാണ് ഷെയർ ചെയ്യപ്പെട്ടത്.
വന്യ ജീവികൾ ഏറെയുള്ള കാസിരംഗ മേഖലയുടെ 90%വും ഇപ്പോൾ വെള്ളത്തിനടിയിലാണ്. വിവിധ മേഖലകളിലായി നൂറ് കണക്കിന് കാണ്ടാമൃഗങ്ങളാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടക്കുന്നത്. ഇവയെയെല്ലാം സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്.
ഇതുവരെ 50ലധികം വന്യമൃഗങ്ങളാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ചത്തത്. ഇവയിൽ ഭൂരിഭാഗവും സുരക്ഷിത സ്ഥലം തേടി ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിൽ വണ്ടിയിടിച്ച് ചാവുകയായിരുന്നു.
ലോകത്താകമാനമുള്ള ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടും ഇന്ത്യയിലെ കാസിരംഗ ദേശീയ പാർക്കിലാണുള്ളത്. ഇവയിൽ പലതും വെള്ളപ്പൊക്കത്തിൽ പെട്ട് ജീവൻ നിലനിർത്താൻ കഷ്ടപ്പെടുകയാണ്.
വെള്ളപ്പൊക്കത്തിൽ അസ്സമിൽ മാത്രമായി ഇത്തവണ 27 പേരാണ് മരിച്ചത്.

