ഏഴ് മത്സ്യബന്ധന തൊഴിലാളികളെ കാണാതായി; നാവികസേനയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ നടത്തുന്നു
തിരുവനന്തപുരം വിഴിഞ്ഞത്തുനിന്നും കൊല്ലം നീണ്ടകരയിൽനിന്നും മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. ഇവർക്കുവേണ്ടി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
വിഴിഞ്ഞത്തുനിന്ന് കടലിൽപോയ ബെന്നി, ലൂയിസ്, ആന്റണി, യേശുദാസൻ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ ഇവർ വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്തേണ്ടതായിരുന്നു. ഉച്ചയ്ക്കും ഇവർ തിരികെ എത്താതിരുന്നതോടെയാണ് ബന്ധുക്കൾ അധികൃതരെ വിവരം അറിയിച്ചത്. ഇതോടെ ഇവർക്കുവേണ്ടി കടലിൽ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്റ്റർ കടലിൽ നീരീക്ഷണം നടത്തുന്നുണ്ട്.
നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം തകർന്നാണ് തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ കാണാതായത്. വള്ളം തകർന്ന നിലയിൽ ശക്തികുളങ്ങരയ്ക്ക് സമീപം കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവർ നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്. ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് വള്ളം തകർന്നതോടെ തമിഴ്നാട് സ്വദേശികളായ നിക്കോളാസ്, സ്റ്റാലിൻ എന്നിവർ നീന്തി രക്ഷപ്പെട്ടു. രാജു, ഡോൺ ബോസ്കോ, സഹായരാജു എന്നിവരെയാണ് കാണാതായിട്ടുള്ളത്. ഇവർക്കുവേണ്ടി നാവികസേനയുടെ സംഘം തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

