Peruvayal News

Peruvayal News

കാരുണ്യ ചികിത്സാ ആനുകൂല്യം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ

കാരുണ്യ ചികിത്സാ ആനുകൂല്യം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ



തിരുവനന്തപുരം: നിലവില്‍ കാരുണ്യ പദ്ധതിയില്‍ ഉള്ളവര്‍ക്ക് ചികിത്സാ ആനുകൂല്യം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇതിനായി ഇന്നോ നാളെയോ സര്‍ക്കാര്‍ ഉത്തരവിറക്കും. കാരുണ്യാ ആനുകൂല്യം കിട്ടിയിരുന്നവര്‍ക്ക് അതാത് ആശുപത്രികളില്‍ തന്നെ ഈ വര്‍ഷം ചികിത്സ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യാ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികിത്സ നല്‍കാതിരിക്കരുതെന്ന് ആശുപത്രികളോട് ആരോഗ്യ മന്ത്രി നിര്‍ദ്ദേശിച്ചു. ആശുപത്രികള്‍ കണക്ക് സൂക്ഷിക്കണം, സര്‍ക്കാര്‍ പണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യാ പദ്ധതി അവസാനിച്ചതോടെ ലക്ഷക്കണക്കിന് രോഗികള്‍ ദുരിതത്തിലായിരുന്നു. ഇത് സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രി ഇടപെട്ടത്. ഏപ്രില്‍ ഒന്ന് മുതല്‍ പ്രഖ്യാപിച്ച പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാതെ ഇരുപത് ലക്ഷത്തോളം കുടുംബങ്ങള്‍ അവശേഷിക്കുന്നുണ്ട്. കിടത്തി ചികിത്സയ്ക്ക് മാത്രമേ സഹായം ലഭിക്കൂ എന്നായതോടെ ഒ.പി രോഗികളും തുടര്‍ ചികിത്സ ആവശ്യമുള്ളവരും ബുദ്ധിമുട്ടിലായിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയുള്ള പുതിയ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ നിലവില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിയിട്ടുള്ളൂ. 41 ലക്ഷം കുടുംബങ്ങളെ അംഗങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഏറ്റവും കുറഞ്ഞത് ഒരു മാസമെങ്കിലും സമയമെടുക്കും.
Don't Miss
© all rights reserved and made with by pkv24live