ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം 19ന് :
മത്സ്യതൊഴിലാളികളുടെയും അനുബന്ധ മത്സ്യതൊഴിലാളികളുടെയും കുട്ടികൾക്ക് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് നൽകുന്ന ക്യാഷ് അവാർഡും സർട്ടഫിക്കറ്റ് വിതരണവും ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ ഉത്ഘാടനം ചെയ്യും.
ആഗസ്റ്റ് 19ന് ഉച്ചയ്ക്ക് 02.30ന് ടാഗോർ തീയറ്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മത്സ്യബന്ധന മേഖലയിലെ കുട്ടികൾക്ക് പ്രോത്സാഹനം നൽകി അഭ്യസ്തവിദ്യരാക്കുന്നതിനുള്ള മത്സ്യബോർഡ് പദ്ധതിയുടെ ഭാഗമായാണ് അവാർഡ് വിതരണം.
ഇക്കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.എസ്, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കന്ററി, ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂൾ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കായിക മത്സരങ്ങളിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയവരെയുമാണ് അവാർഡിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
തിരുവനന്തപുരം മേഖലയിലെ അർഹരായ 408 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെറിറ്റ് സർട്ടഫിക്കറ്റും നൽകും. ചടങ്ങിൽ ഡോ.ശശിതരൂർ എം.പി കായിക പ്രോത്സാഹന അവാർഡ് വിതരണം ചെയ്യും. തിരുവനന്തപുരം മേയർ അഡ്വ: വി.കെ. പ്രശാന്ത്, മത്സ്യബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, മത്സ്യഫെഡ് ചെയർമാർ പി.പി. ചിത്തരഞ്ജൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, മത്സ്യബോർഡ് മെമ്പർ പയസ്സ്, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി, മത്സ്യബോർഡ് കമ്മീഷണർ കെ.കെ.സതീഷ്‌കുമാർ എന്നിവർ പങ്കെടുക്കും.
