രണ്ട് മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി; കവളപ്പാറയില്‍ മരണം 40 ആയി
കവളപ്പാറ ദുരന്തത്തിലകപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങൾക്കൂടി ശനിയാഴ്ച കണ്ടെടുത്തു. ഇതോടെ ഇവിടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 40 ആയി. ഉരുൾപൊട്ടലിൽ കാണാതായിരുന്ന സൈനികനായ വിഷ്ണുവിന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ വ്യാപകമാക്കിയെങ്കിലും കൂടുതൽ ആളുകളെ കണ്ടെത്താനാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴ ഇല്ലാത്തത് തിരച്ചിലിന് സഹായകമാകുന്നുണ്ട്.
തിരച്ചിൽ ഊർജ്ജിതമാക്കുന്നതിന് ജിപിആർഎസ് സംവിധാനം ഇന്ന് എത്തിക്കും. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുക. ആറ് സാങ്കേതികവിദഗ്ധരും ഒപ്പമുണ്ടാകും. റഡാർ സംവിധാനം വിജയിക്കുകയാണെങ്കിൽ തിരച്ചിൽ കൂടുതൽ എളുപ്പമാകുമെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച കവളപ്പാറയിൽ അഞ്ചു പേരുടെ മൃതദേങ്ങൾ കണ്ടെടുത്തിരുന്നു. ഇനി ഇവിടെ 19 പേരെക്കൂടി കണ്ടെത്താനുണ്ട്. വയനാട്ടിലെ പുത്തുമലയിൽ ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രളയക്കെടുതിയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 122 ആയി.

