മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം
2019 ലെ ധ്യാൻ ചന്ദ് പുരസ്കാരം മലയാളി ഒളിമ്പ്യൻ മാനുവൽ ഫ്രഡറിക്കിന്. കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പുരസ്കാരമാണ് ധ്യാൻ ചന്ദ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങിയതാണ് പുരസ്കാരം. ഹോക്കി താരമായിരുന്ന മാനുവൽ ഫ്രഡറിക് ഒളിമ്പിക് മെഡൽ നേടിയ ഏക മലയാളിയാണ്. 1972ൽ മ്യൂണിക് ഒളിമ്പിക്സിൽ ഇന്ത്യ വെങ്കലമെഡൽ നേടിയത് മാനുവലിന്റെ ഗോൾ കീപ്പിങ് മികവിലൂടെയാണ്.
1947 ഒക്ടോബർ 20ന് കണ്ണൂരിലെ ബർണശ്ശേരിയിലാണ് മാനുവൽ ജനിച്ചത്. അച്ഛൻ ജോസഫ് ബോവറും അമ്മ സാറയും കോമൺവെൽത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്ബോൾ കളിച്ചിരുന്ന മാനുവൽ 12-ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാൻ തുടങ്ങിയത്.
15-ാം വയസ്സിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീർത്തത് സർവീസസ് ക്യാമ്പിൽ വെച്ച് ലഭിച്ച പരിശീലനമാണ്. 1971-ൽ ഇന്ത്യൻ ഹോക്കിടീമിന്റെ ഗോൾകീപ്പറായി അരങ്ങേറി. തൊട്ടടുത്ത വർഷം(1972) നടന്ന മ്യൂണിക് ഒളിമ്പിക്സിൽ ഇന്ത്യയെ വെങ്കലമെഡൽ ജേതാക്കളാക്കുന്നതിൽ മാനുവലിന്റെ ഗോൾകീപ്പിങ് മികവ് നിർണായക പങ്കുവഹിച്ചു.
