എന്താണ് കിസാൻ കാർഡ്? ഇത് എവിടുന്നു കിട്ടും? എന്തെല്ലാം രേഖകൾ വേണം?
രാജ്യത്തു കൃഷിയിൽ ഏർപ്പെടുന്നുവർക്ക് ലഘുവായ നടപടിയിലൂടെ വായ്പ ലഭ്യമാക്കുവാൻ തുടങ്ങിയതാണ് കിസാൻ ക്രെഡിറ്റ് കാർഡ് എന്ന പദ്ധതി. 1998 -ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. എങ്കിലും വേഗത്തിൽ ലഭിക്കുന്ന സ്വർണവായ്പകൾ ഇതിന്റെ പ്രചാരം കുറച്ചു. സ്വർണ വായ്പകളിൽ വരാൻ പോകുന്ന നിയന്ത്രണങ്ങൾ കിസാൻ കാർഡിലേക് എല്ലാവരെയും ആകർഷിക്കും എന്ന് കരുതുന്നു.
കൃഷിക്കാർക്ക് ആവശ്യമുള്ള സഹായങ്ങൾ ബാങ്ക് വഴി ലഭ്യമാക്കുക എന്നാണ് ലക്ഷ്യം. കൃഷിഭൂമി ഉൾപ്പെടുന്ന മറ്റു ആസ്തികളുടെയും അടിസ്ഥാനത്തിൽ മുൻകൂർ വായ്പകൾ ലഭിക്കുന്നു. ഭൂമിയുടെ അളവും കൃഷി ഇനവും വായ്പ ലഭിക്കുന്നതിനുള്ള പരിഗണനയിൽ വരുന്നു. ശരാശരി ഒരു സെന്റിന് രണ്ടായിരം രൂപ എന്ന നിലക്കാണ് വായ്പ. ഭൂമിയുടെ സ്വഭാവം കൃഷി ചെയുന്ന വിള എന്നിവ വായ്പ തുകയിൽ വ്യത്യാസം വരുത്തുന്നു. ഉദാ : ഒരേക്കർ വാഴ കൃഷിക്ക് പരമാവധി 1.90 ലക്ഷമാണ് അനുവദിക്കുന്നത്.
സ്വന്തമായി ഭൂമി ഉള്ളവർ കിസാൻ ക്രെഡിറ്റ് കാർഡിന് അർഹരാണ്. ഇതിനായി സഹകരണമേഖലയിൽ ഉൾപ്പടെയുള്ള ബാങ്കുകളുമായി സമീപിക്കുക. എസ്. ബി അക്കൗണ്ട് ഉള്ളവർക്ക് കെ.സി. സി അക്കൗണ്ട് തുടങ്ങാം. ഭൂമിയുടെ ഈടിൽ 1ലക്ഷം വരെയുള്ള വായ്പക്ക് കൈവശാവകാശ സെർട്ടിഫിക്കറ്റും നികുതി രശീതിയും മതി. അന്നുതന്നെ നമുക്ക് വായ്പ ലഭിക്കുന്നു. കൂടുതൽ തുകയ്ക്കായി ഭൂമിയുടെ ആധാരം സമർപ്പിക്കണം. ബാങ്കിന്റെ പരിശോധനകൾക്കു ശേഷമാണ് വായ്പ അനുവദിക്കുന്നത്. ഒമ്പതു ശതമാനം ആണ് പലിശയെങ്കിലും അക്കൗണ്ട് തുടങ്ങുമ്പോൾ രണ്ടു ശതമാനം ഇളവ് ലഭിക്കുന്നു. ഓരോ വർഷവും പുതുക്കാവുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. കിസാൻ ക്രെഡിറ്റ് കാർഡിനെ കുറിച്ചുള്ള ഒരു ലഘു വിവരണമാണ് ഇത്.
ബന്ധപ്പെട്ട അധികാരികളെ സമീപിക്കുകയാണെങ്കിൽ ഈ പദ്ധതിയെ കുറിച്ചുള്ള ഏറ്റവും ചെറിയ അറിവുകൾ പോലും ലഭിക്കുന്നു.

