പ്രളയം തകര്‍ത്ത നിലമ്പൂരിനെ വീണ്ടെടുക്കാനായി റീബില്‍ഡ് നിലമ്പൂർ പദ്ധതി
പ്രളയം തകർത്തെറിഞ്ഞ നിലമ്പൂരിനെ വീണ്ടെടുക്കാനായി റീബില്‍ഡ് നിലമ്പൂർ പദ്ധതി. സർക്കാരുമായി സഹകരിച്ച് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തുകയും വീടുകളും മറ്റും പുനർനിർമിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പി.വി.അബ്ദുൾ വഹാബ് എം.പി മുഖ്യ രക്ഷാധികാരിയും പി.വി അൻവർ എം.എൽ.എ ചെയർമാനുമായ കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഒഴുകിയെത്തിയ വെള്ളവും തകർന്നടിഞ്ഞ മണ്ണും നിലമ്പൂരിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. 1000 വീടുകൾ പൂർണ്ണമായും 3000 വീടുകൾ ഭാഗികമായും തകർന്നു. 7000 ലധികം വീടുകളിൽ വെള്ളം കയറി. വ്യാപാരികൾക്കും, കർഷകർക്കും ഉൾപ്പെടെയുണ്ടായത് കോടികളുടെ നഷ്ട്ടമാണ്. നിലമ്പൂരിനെ പഴയ കാലത്തേക്ക് വീണ്ടെടുക്കലാണ് റീ ബിൽഡ് നിലമ്പൂർ പദ്ധതിയുടെ ലക്ഷ്യം. ഇതിനോടകം തന്നെ പല തരത്തിലുള്ള സഹായങ്ങളും വാഗ്ദാനങ്ങളും റീബിൽഡ് നിലമ്പൂരിന് ലഭിച്ചിട്ടുണ്ട്.
നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റുമാരും, നഗരസഭ ചെയർപേഴ്സണും കമ്മറ്റിയിലെ ഭാരവാഹികളാണ്. ഇതിന് പുറമെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ,മത-സാംസ്ക്കാരിക-സാമുദായിക സംഘടനാ പ്രതിനിധികൾ,സന്നദ്ധ സംഘടന-ക്ലബ് ഭാരവാഹികൾ എന്നിവരാണ് അംഗങ്ങൾ . റീബിൽഡ് നിലമ്പൂർ പേരിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ട് വഴിയാണ് പണം ശേഖരിക്കുന്നത്.
